22 December Sunday
ഉത്തരവ്‌ ഗേറ്റ്‌ കീപ്പർമാരായ റെയിൽവേ ജീവനക്കാർക്ക്‌ തിരിച്ചടി

റെയിൽവേ ഗേറ്റ്‌കീപ്പർ തസ്‌തിക ; കരാർ ജീവനക്കാരുടെ നിയമനം 
3 വർഷത്തേക്കുകൂടി നീട്ടി

എം അനിൽUpdated: Monday Nov 11, 2024


കൊല്ലം
ഗേറ്റ്‌കീപ്പർമാരായി നിയമിച്ച ജീവനക്കാരുടെ കരാർ മൂന്നുവർഷത്തേക്കുകൂടി പുതുക്കി റെയിൽവേ ഉത്തരവായി. ഈമാസം ആറിന്‌ പുറപ്പെടുവിച്ച ആർബിഇ നമ്പർ 06-11-2024 ഉത്തരവ്‌ പ്രകാരം 2027 ഡിസംബർ 31 വരെയാണ്‌ കരാർ ജീവനക്കാർക്ക്‌ കാലാവധി നീട്ടിക്കൊടുത്തത്‌. നേരത്തെ ഒരുവർഷത്തേക്കായിരുന്നു വിരമിച്ച ജവാന്മാരെ ഗേറ്റ്‌ കീപ്പർമാരായി കരാറടിസ്ഥാനത്തിൽ നിയമിച്ചത്‌. ഇവരുടെ കാലാവധി ഈമാസം കഴിയുമായിരുന്നു. അംഗീകൃത സംഘടനകളായ ഐഎൻടിയുസി അഫിലിയേഷനുള്ള എൻഎഫ്‌ഐആർ, എച്ച്‌എംഎസ്‌ അഫിലിയേഷനുള്ള എഐആർഎഫ്‌ എന്നിവയുടെ സമ്മതത്തോടെയാണ്‌ റെയിൽവേ തീരുമാനമെന്ന്‌ ആക്ഷേപമുണ്ട്‌. തുടക്കം മുതലേ കരാർ നിയമനത്തിനെതിരെ ഡിആർഇയു രംഗത്തുവന്നിരുന്നു. ഇന്ത്യയിൽ ആകെ ട്രാഫിക്‌ എൻജിനിയറിങ്‌ വിഭാഗം കൈകാര്യംചെയ്യുന്നത്‌ 28,943 ഗേറ്റുകളാണ്‌. ഇതിൽ 15,343 ഗേറ്റുകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തി. ദക്ഷിണ റെയിൽവേയിൽ 1847 ഗേറ്റുകളിലാണ്‌ കരാറുകാർ ജോലിചെയ്യുന്നത്‌. 416 ട്രാഫിക്‌ ഗേറ്റുകളിലും കരാറുകാരുണ്ട്‌. കൊല്ലം സെക്‌ഷന്റെ പരിധിയിൽ മാത്രം 17 ഗേറ്റ്‌കീപ്പർമാരെ ആണ്‌ കരാറിൽ നിയമിച്ചിട്ടുള്ളത്‌. ഒഴിവാക്കപ്പെട്ട ഗേറ്റ്‌കീപ്പർമാരെ ട്രാക്കിലാണ്‌ പകരം നിയമിച്ചിട്ടുള്ളത്‌.

റെയിൽവേയുടെ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായാണ്‌ ഏറ്റവും പ്രധാന സുരക്ഷാ മേഖലയായ റെയിൽവേ ഗേറ്റിൽപോലും കേന്ദ്രസർക്കാർ കരാർനിയമനം  നടത്തുന്നത്‌. റെയിൽവേയുടെ 21  വിഭാഗത്തിൽ കരാർനിയമനത്തിന്‌ കേന്ദ്രം പച്ചക്കൊടി കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top