08 September Sunday

സംസ്ഥാനം സഹകരിക്കുന്നില്ല ; റെയിൽമന്ത്രിയുടേത്‌ കേരളത്തോടുള്ള പരിഹാസം

ദിനേശ്‌ വർമUpdated: Friday Jul 26, 2024

image credit Ashwini Vaishnaw facebook


തിരുവനന്തപുരം
സംസ്ഥാന സർക്കാർ സഹകരിക്കാത്തതുകൊണ്ടാണ്‌ പദ്ധതികളൊന്നും അനുവദിക്കാത്തതെന്ന റെയിൽമന്ത്രി അശ്വനി വൈഷ്ണവിന്റെ വാദം കേരളത്തെ പരിഹസിക്കൽ. സ്ഥലംപതിച്ചു നൽകാത്തതുകൊണ്ട്‌ എയിംസ്‌ ഇല്ല എന്ന കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപിയുടെ മുടന്തൻന്യായത്തിന്റെ മറ്റൊരുവശം മാത്രമാണിത്‌.
മൂന്നാംപാത, ശബരി, സിൽവർലൈൻ, പുതിയ ട്രെയിനുകൾ, വന്ദേഭാരത്‌ സ്ലീപ്പർ, നേരത്തെ പ്രഖ്യാപിച്ച സ്‌റ്റേഷൻ നവീകരണം, കോച്ച്‌ഫാക്ടറി, നേമം ടെർമിനൽ, കൊച്ചുവേളി വികസനം, നഞ്ചൻകോട്‌ പാത, ഗുരുവായൂർ തിരുനാവായ പാത തുടങ്ങി നിരന്തരം ആവശ്യപ്പെടുന്ന പദ്ധതികളുടെ പട്ടിക നീണ്ടതാണ്‌. 

കേരളത്തിന്‌ മാത്രമുള്ള നിബന്ധനയായ പകുതിപണം ചെലവഴിക്കൽ ശബരിയുടെ കാര്യത്തിലും അംഗീകരിച്ചതാണ്‌. റെയിൽവെയുടെ പ്രയോജനം ലഭിക്കാത്ത വലിയൊരു വിഭാഗത്തിന്‌ ആശ്വാസമേകി തെക്കുമുതൽ മധ്യകേരളം വരെ പുതിയൊരു പാത ലഭിക്കും. എന്നാൽ ചെങ്ങന്നൂർ–- പമ്പ എലിവേറ്റഡ്‌ ലൈനിന്റെ പേര്‌ പറഞ്ഞ്‌ ശബരിപാത ഇല്ലാതാക്കുകയാണ്‌. ഫലത്തിൽ രണ്ടും നടക്കില്ലെന്ന സൂചന. 

റെയിൽവെ ബോർഡ്‌ 2023 ജനുവരിയിൽ പ്രഖ്യാപിച്ച, വിമാനത്താവള മാതൃകയിൽ 52 ഉം അമൃത്‌പദ്ധതിയിൽ 30 ഉം സ്‌റ്റേഷനുകൾ നവീകരിക്കലും അരലക്ഷം ജനസംഖ്യയുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയിൽ മഞ്ചേരി, മലപ്പുറം, നെടുമങ്ങാട്‌ ഉൾപ്പെടുത്തിയതുമടക്കമുള്ളവ നടപ്പാക്കാൻ പണമെവിടെയെന്ന ചോദ്യത്തിന്‌ മന്ത്രിക്ക്‌ ഉത്തരമില്ല.  300– -400 കോടിവീതമാണ്‌ ഓരോ സ്‌റ്റേഷൻ നവീകരണത്തിനും വേണ്ടത്‌. കൊല്ലം സ്‌റ്റേഷനിൽ ഇട്ടിരുന്ന വന്ദേഭാരത്‌ റേക്ക്‌ കൊച്ചുവേളി–- മംഗളൂരു സർവീസ്‌ എന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ കടത്തിക്കൊണ്ടുപോയത്‌ അടുത്തിടെയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top