22 December Sunday

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം വൈകിപ്പിക്കുന്നത് പ്രതിഷേധാർഹം: വി ശിവദാസൻ എംപി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

തിരുവനന്തപുരം > റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം വൈകിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് വി ശിവദാസൻ എംപി. ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനത്തിനായി യോഗ്യത നേടിയ  ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ പരിധിയിൽ ഒഴിവുകൾ ഉണ്ടായിട്ടും നിയമനം ലഭിക്കുന്നില്ല. വിഷയം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വി ശിവദാസൻ എംപി കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി.

യോഗ്യത നേടിയവർ ജോലി സ്വീകരിക്കാതെയും ജോയിൻ ചെയ്തവർ രാജിവെച്ചതുമായി 35ലധികം സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും   റീപ്ലേയ്സ്‌മെന്റ് പാനൽ ഉണ്ടാക്കി നിലവിലെ ലിസ്റ്റിൽ നിന്നും ഉദ്യോഗാർത്ഥികളെ നിയമിക്കാൻ തിരുവനന്തപുരം ആർആർബി നടപടി സ്വീകരിച്ചിട്ടില്ല. 21 സീറ്റുകൾ ഇഡബ്ല്യുഎസ് വിഭാഗത്തിലും ഒഴിഞ്ഞു കിടക്കുകയാണ്. തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന് കീഴിലുള്ള ഒഴിവുകൾ മറ്റു റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിലെ ഉദ്യോഗാർത്ഥികളെ വെച്ച് താത്കാലികമായി നികത്തണം എന്ന ഉത്തരവും  തിരുവനന്തപുരം ആർആർബിയുടെ പരിധിയിലുള്ള ഉദ്യോഗാർഥികളെ ആശങ്കയിലാക്കിയിരിക്കുയാണ്.

കോവിഡ് മൂലം അപേക്ഷ ക്ഷണിച്ചതിനു ശേഷം വളരെ വൈകി നടന്ന പരീക്ഷയാണിത്. ഇതുമൂലം വർഷങ്ങളായി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ കടുത്ത ആശങ്കയിലും ദുരിതത്തിലുമാണ്. ഇവരിൽ പലരും മറ്റു  മത്സരപരീക്ഷകൾ എഴുതാനുള്ള പ്രായപരിധി കടന്നവരുമാണ്. ഈ സാഹചര്യത്തിൽ  തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, സ്റ്റേഷൻ മാസ്റ്റർ നിയമനം വൈകിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. ഒഴിവുകൾ എത്രയും വേഗം നികത്താനുള്ള നടപടികൾ  കൈക്കൊള്ളണം എന്നും ശിവദാസൻ എംപി ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top