തിരുവനന്തപുരം > റെയിൽവേയുടെ കരാർ ജോലിക്കിടെ ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട് ജോയിക്ക് ജീവൻ നഷ്‌ടമായിട്ട് ഒന്നരമാസം കഴിഞ്ഞു. റെയിൽവേയ്‌ക്ക് ഇനിയും നന്നാകാൻ ഉദ്ദേശ്യമില്ലെന്നതിന്റെ തെളിവായി ഒരു മാലിന്യക്കൂന സ്‌മാരകംപോലെ സ്‌റ്റേഷൻ പരിസരത്തുണ്ട്. തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിലേക്ക് പവർഹൗസ് റോഡിലൂടെ പ്രവേശിക്കുന്നവരെ കാത്തിരിക്കുന്നത് ഈ മാലിന്യമലയാണ്. ആമയിഴഞ്ചാൻ തോട്ടിലെ അഴുക്കിൽ സ്വപ്‌നങ്ങൾ മുങ്ങിപ്പോയ ജോയിയും സഹപ്രവർത്തകരും അപകടത്തിനുമുമ്പ് റെയിൽവേ പരിധിയിൽനിന്ന് നീക്കിയ മാലിന്യമാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിൽ ഇവ ഒലിച്ച് സമീപത്താകെ നിരന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം നടന്ന കോർപറേഷൻതല അദാലത്തിലും റെയിൽവേയ്‌ക്കെതിരെ പരാതിയുമായി ജനങ്ങൾ എത്തിയിരുന്നു. മേലാറന്നൂരിൽ റെയിൽവേ മാലിന്യം തള്ളുന്നുവെന്നായിരുന്നു ആരോപണം. പരാതിയിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി എം ബി രാജേഷ് നിർദേശം നൽകിയിരുന്നു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിക്ക് സമീപം മേലാറന്നൂർ പാറച്ചിറ ജങ്‌ഷനിൽ റെയിൽവേയുടെ ഭാഗമായുള്ള 50 സെന്റ് സ്ഥലത്താണ് മാലിന്യം തള്ളുന്നതെന്ന് പരാതിയിൽ പറയുന്നു. മാലിന്യം ഇവിടെയെത്തിച്ച് മുകളിൽ മണ്ണിട്ട് നികത്തുകയാണ് ചെയ്യുന്നത്. മഴയിൽ ഇത് ഒലിച്ച് തൊട്ടടുത്തുള്ള വീടുകളിലേക്കും കിണറുകളിലേക്കും എത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..