19 December Thursday

ആമയിഴഞ്ചാൻ അപകടം: ജോയിയുടെ കുടുംബത്തിന് റെയിൽവേ അടിയന്തരമായി നഷ്ടപരിഹാരം നൽകണം- എ എ റഹീം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

തിരുവനന്തപുരം> ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേ ശുചീകരണത്തിന്‌ ഏൽപ്പിച്ച തൊഴിലാളി ജോയി മരിച്ച സംഭവത്തിൽ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നൽകാൻ റെയിൽവേ തയ്യാറാക്കണമെന്ന് എ എ റഹീം എംപി. റെയിൽവേ മന്ത്രാലയത്തിന് മനുഷ്യത്വത്തിന്റെ തരിമ്പ് എങ്കിലും ബാക്കിയുണ്ടെങ്കിൽ ഉടൻ നഷ്ടപരിഹാരം നൽകണം. സംഭവം കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ എംപി എന്ന നിലയ്ക്ക് വീണ്ടും കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിനായി റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഏറ്റവും ഉചിതമായ നഷ്ടപരിഹാരത്തുക നൽകി മാതൃകയാകാൻ റെയിൽവേ തയ്യാറാകണം. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ റെയിൽവേ മാലിന്യനിർമാർജനത്തിന് വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട്. അത് ഫലപ്രദമായി നടക്കുന്നുണ്ടോ എന്ന് റെയിൽവേ പരിശോധിക്കണം. അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേയുടെ ഇടപെടൽ മാതൃകാപരമല്ല. ആദ്യഘട്ടത്തിൽ റെയിൽവേ ഇടപെടാതെ മാറിനിന്നു. റെയിൽവേയുടെ ഭാഗത്ത് നിന്ന് ഏകോപനം ഉണ്ടായില്ല.

സംസ്ഥാന സർക്കാരും നഗരസഭയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നാടാകേ ഇതിനൊപ്പം നിൽക്കുമ്പോൾ ഇന്ത്യൻ റെയിൽവേ മാറിനിന്നു. ജനങ്ങളുടേതാണ് റെയിൽവേ. ജനങ്ങൾക്കൊപ്പം നിൽക്കാൻ ഇന്ത്യൻ റെയിൽവേയ്ക്ക് സാധിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേയുടെ സമീപനത്തിൽ മാറ്റം ഉണ്ടാകണം. ജോയിയുടെ മരണത്തിൽ റെയിൽവേ സമഗ്രമായ അന്വേഷണം നടത്തണമെന്നും എഎ റഹീം എം പി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top