22 November Friday

ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണം റെയിൽവേ ഉറപ്പു വരുത്തണം- മുഖ്യമന്ത്രിയുടെ നിർദേശം

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

തിരുവനന്തപുരം > തമ്പാനൂർ റെയിൽവേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റർ നീളമുള്ള ടണൽ ശുചീകരിക്കണമെന്നും എല്ലാ ദിവസവും ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണം റെയിൽവേ ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച്‌ ചേർത്ത യോ​ഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. സാംക്രമിക രോ​ഗങ്ങൾ തടയാൻ മാലിന്യ നീക്കം പ്രധാനമാണെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ട്രയിനുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കാൻ റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം ആഴ്ചയിലൊരിക്കൽ പരിശോധന നടത്തണമെന്നും യോഗത്തിൽ നിർദേശമുയർന്നു. തോടിന്റെ രണ്ട് ഭാ​ഗത്തുള്ള ഫെൻസിങ്ങിന്റെ അറ്റകുറ്റപ്പണി ഇറി​ഗേഷൻ വകുപ്പ് നടത്താനും 2000 മീറ്ററിൽ പുതുതായി സ്ഥാപിക്കേണ്ട ഫെൻസിങ്ങിന്റെ പണി ഉടൻ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.

രാജാജി നഗറിന്റെ മദ്ധ്യ ഭാഗത്തുള്ള പാലത്തിന് സമീപവും നഗർ അവസാനിക്കുന്ന ഭാഗത്തും രണ്ട് ട്രാഷ് ബൂമുകൾ കോർപ്പറേഷൻ സ്ഥാപിക്കുകയും രാജാജിന​ഗർ പ്രദേശത്ത് ശാസത്രീയ ഖരമാലിന്യ പദ്ധതിക്ക് കണ്ടെത്തിയ സ്ഥലത്ത് ഉടൻ പ്രവർത്തി ആരംഭിക്കുകയും ചെയ്യും. മെറ്റൽ മെഷുകൾ മേജർ ഇറി​ഗേഷൻ വകുപ്പ് സ്ഥാപിക്കും. മാലിന്യ സംസ്ക്കരണ പ്രവർത്തികളിൽ ഏർപ്പെടുന്നവര്‍ക്ക് ഫയര്‍ & റസ്ക്യു നേതൃത്വത്തില്‍  പരിശീലനവും ആവശ്യമായ സുരക്ഷാ ക്രമീകരണവും നൽകും.

രാജാജി നഗറിൽ നിലവിലുള്ള തുമ്പൂർമുഴി യൂണിറ്റുകൾ  പ്രവർത്തനക്ഷമമാക്കി അധികമായി വരുന്ന മാലിന്യം അംഗീകൃത ഏജൻസികൾക്ക് കൈമാറും അജൈവ മാലിന്യം ശേഖരിക്കുന്നതിന് മിനി എം.സി.എഫ്/കണ്ടയിനർ എം.സി.എഫ് സ്ഥാപിക്കും. കെ.എസ്.ആർ.ടി.സി  തമ്പാനൂർ ബസ് ഡിപ്പോയിലെ സർവീസ് സ്റ്റേഷനിൽ നിന്നുള്ള മലിന ജലവും മറ്റ്  ഖര മാലിന്യങ്ങളും ആമയിഴഞ്ചാൻ തോടിലേയ്ക്ക് തള്ളുന്നത് ഒഴിവാക്കുന്നതിന് എഫ്ളുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റും ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനെജ്മെന്റ് സംവിധാനവും ക്രമീകരിക്കണമെന്ന് കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

പ്ലാമൂട്, കോസ്മോ ആശുപത്രി, കണ്ണമ്മൂല, പാറ്റൂർ എന്നിവിടങ്ങളിലെ കെ.ഡബ്ല്യു.എ.യുടെ പമ്പിങ് സ്റ്റേഷനുകളിൽ നിന്ന് ഓവർഫ്ളോ വെള്ളം ഒഴുകുന്നത് തടയാൻ നടപടി സ്വീകരിക്കാനും മൃഗശാലയില്‍ മലിനജല സംസ്കരണ പ്ലാന്റ് പ്രവർത്തിപ്പിക്കാനും ഖരമാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കാനും യോഗം നിർദ്ദേശിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡ് പഠനത്തിൽ ചൂണ്ടിക്കാണിച്ചതുപ്രകാരം ആമയിഴഞ്ചാൻ തോടിന് സമീപമുള്ള വീടുകളിലെ മലിനജലം തോടിലേക്ക് എത്തുന്നത് ഒഴിവാക്കാൻ കർശന നടപടികൾ കൈക്കൊള്ളും.കെഎസ്ആർടിസി, തകരപറമ്പ്, പാറ്റൂർ, വഞ്ചിയൂർ, ജനശക്തി നഗർ, കണ്ണമ്മൂല എന്നിവിടങ്ങളിലെ വാണിജ്യ/ വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം ആമയിഴഞ്ചാൻ തോടിലേക്ക് ഒഴുക്കുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കും. നീർച്ചാലുകളുടെ സംരക്ഷണം, പരിപാലനം, മേൽനോട്ടം  എന്നിവയ്ക്കായി ജനകീയ പരിപാടി ആസൂത്രണം ചെയ്യും. ഇതിനായി നീർച്ചാൽ കമ്മിറ്റികൾ രൂപീകരിക്കൽ, കുട്ടികളുടെ  മേൽനോട്ടത്തിൽ നീർച്ചാൽ പരിപാലനം മുതലായ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യും. വെള്ളം കടലിൽ ഒഴികിയെത്തുന്നതിന് നീരൊഴുക്ക് സു​ഗമമാക്കും എന്നിവയാണ്‌ യോഗത്തിലെ മറ്റ്‌ തീരുമാനങ്ങൾ.
    
ഓൺലൈനായി ചേർന്ന യോ​ഗത്തിൽ  തദ്ദേശ സ്വയംഭരണം,  പൊതുമരാമത്ത്, തൊഴിൽ,  ഭക്ഷ്യം,  കായികം -റെയിൽവേ,  ആരോഗ്യം,  ജലവിഭവം വകുപ്പ്  മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top