23 December Monday

ജലനിരപ്പ് ഉയരുന്നു: ബാണാസുരസാ​ഗർ, പീച്ചി, കക്കയം ഡാമുകൾ തുറന്നു; ജാഗ്രത നിർദേശം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

വയനാട് > കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വയനാട്ടിലെ ബാണാസുരസാ​ഗർ, തൃശൂരിലെ പീച്ചി, കോഴിക്കോട് ജില്ലയിലെ കക്കയം ഡാമുകളുടെ ഷട്ടറുകൾ തുറന്നു. ബാണാസുരസാ​ഗറിൽ ജലനിരപ്പ് 773.50 മീറ്റർ എത്തിയതിനെത്തുടർന്നാണ് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നത്. സെക്കൻഡിൽ 8.5 ക്യുബിക് മീറ്റർ ജലമാണ് അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. ഘട്ടം ഘട്ടമായി സെക്കൻഡിൽ 35 ക്യുബിക് മീറ്റർ വരെ വെള്ളം സ്പിൽവേ ഷട്ടർ തുറന്ന് ഒഴുക്കിവിടും. പ്രദേശവാസികളും അണക്കെട്ടിന്റെ ബഹിർ​ഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാ​ഗ്രത പാലിക്കണമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.  

പീച്ചി ഡാമിന്റെ സ്പില്‍വേ ഷട്ടറുകൾ 30 സെന്റീമീറ്ററായി ഉയർത്തി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുന്ന സാഹചര്യത്തിലാണ് ആവശ്യമായ മുന്നറിയിപ്പുകള്‍ നൽകി ഡാമിന്റെ നാലു സ്പില്‍വേ ഷട്ടറുകളും പരമാവധി 12 ഇഞ്ച് (30 സെന്റീമീറ്റര്‍) തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നത്. നിലവിൽ ഡാമിലെ നാല് സ്പില്‍വേ ഷട്ടറുകളും 30 സെന്റീമീറ്റർ വീതം തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. വെള്ളക്കെട്ട് മൂലമുള്ള ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദേശം നൽകിയതായി ജില്ലാ കലക്ടർ അറിയിച്ചു. അധികജലം ഒഴുക്കുന്നത് മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവർ പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രസ്തുത പുഴകളില്‍ മത്സ്യബന്ധനത്തിനും കര്‍ശന നിയന്ത്രണമുണ്ട്.

കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ കക്കയം ഡാമിലെ ജലനിരപ്പ് കനത്ത മഴയെ തുടർന്ന് ഉയർന്നതോടെ രാത്രി 12.45 ന് ഡാം ഷട്ടർ തുറന്ന് ജലമൊഴുക്കാൻ തുടങ്ങി. ഡാം വൃഷ്ടിപ്രദേശത്തെ തുടർച്ചയായ കനത്ത മഴയും, ബാണാസുര സാഗറിൽ നിന്നും ടണൽ മുഖേന വെള്ളം എത്തിയതോടെയാണ് ജലനിരപ്പ് ഉയർന്നത്. ഡാമിൽ നിന്നും കരിയാത്തുംപാറ പുഴയിലേക്കാണ് വെള്ളം ഒഴുക്കുന്നത്. കരിയാത്തുംപാറ, കുറ്റ്യാടി പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും, പുഴയിൽ ഇറങ്ങരുതെന്നും കെഎസ്ഇബി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top