കൊച്ചി> നടന്മാർക്കെതിരായ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച നടിയുടെ മൊഴി പ്രത്യേക അന്വേഷകസംഘം രേഖപ്പെടുത്തി. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗം, എഐജി ജി പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിൽ നടിയുടെ ആലുവയിലെ ഫ്ലാറ്റിലെത്തിയാണ് മൊഴിയെടുത്തത്.
നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ, വിച്ചു, അഭിഭാഷകൻ വി എസ് ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് ഇ–-മെയിലായി പരാതി നൽകിയത്. ഏഴു പരാതികളിലും പ്രത്യേകം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യും. മലയാളസിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 18 പരാതികളാണ് ലഭിച്ചത്. ഇതിൽ ഏഴെണ്ണം നടിയുടേതാണ്.
2008ൽ സെക്രട്ടറിയറ്റിൽ നടന്ന ഷൂട്ടിങ്ങിനിടെയാണ് ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് നടി പറയുന്നു. ശുചിമുറിയിൽ പോയിവരുമ്പോൾ ജയസൂര്യ പിന്നിൽനിന്ന് കെട്ടിപ്പിടിച്ചു. ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചു. ‘അമ്മ’യിൽ അംഗത്വം ലഭിക്കാൻ ഒത്തുതീർപ്പുകൾക്ക് വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടതായി പരാതിയിലുണ്ട്.
2013ലാണ് ഇടവേള ബാബു മോശമായി പെരുമാറിയത്. അമ്മയിൽ അംഗത്വം നേടാനായി വിളിച്ചപ്പോൾ അപേക്ഷ പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടു. അപേക്ഷ പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ബാബു കഴുത്തിൽ ചുംബിച്ചു. അമ്മയിൽ അംഗത്വം നൽകിയുമില്ല.നടൻ മുകേഷ് ഫോണിൽ വിളിച്ചും നേരിലും മോശമായി സംസാരിച്ചു. മണിയൻപിള്ള രാജുവുമൊത്ത് ഒരുമിച്ച് സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചെന്നും മുറിയുടെ വാതിലിൽ മുട്ടിയെന്നും പരാതിയിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..