വികസനവിരുദ്ധരും വികസനം ജീവിതവ്രതമായെടുത്തൊരു സർക്കാരും തമ്മിലാണ് പോരാട്ടമെന്ന് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റുകൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. സർവതല സ്‌പർശിയായ വികസനത്തിന് തുടർച്ചയുണ്ടാകണോ വേണ്ടയോ എന്നാണ് ഈ തെരഞ്ഞെടുപ്പുയർത്തുന്ന മുഖ്യരാഷ്‌ട്രീയമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പു സംബന്ധിച്ച് ‘ദേശാഭിമാനി’യോട് സംസാരിക്കുകയായിരുന്നു കടന്നപ്പള്ളി.
സത്യസന്ധമായും ആത്മാർഥമായും ഭരണകാര്യങ്ങൾ നിർവഹിച്ചാൽ മാറ്റം സാധ്യമാണെന്ന് തെളിയിച്ച സർക്കാരാണിത്. ജനക്ഷേമപദ്ധതികളും വികസനപ്രവർത്തനങ്ങളും പ്രത്യേകം വിശദീകരിക്കേണ്ടതില്ല. ഓരോരുത്തരുടെയും അനുഭവസാക്ഷ്യമാണ്. ശിരസ്സുയർത്തി വോട്ടർമാരെ സമീപിക്കാനുള്ള ആത്മധൈര്യവും അഭിമാനബോധവും എൽഡിഎഫിനുണ്ട്.
കേരള ചരിത്രത്തിൽ തുടർച്ചയായി ഇത്രയേറെ ദുരന്തങ്ങൾ കടന്നുവന്ന മറ്റൊരു കാലമുണ്ടായിട്ടില്ല. നിപായും ഓഖിയും രണ്ടു പ്രളയവുംമുതൽ കോവിഡ്‌വരെ. ഇവയെ ഇച്ഛാശക്തിയോടെ അഭിമുഖീകരിച്ച സർക്കാർ, ഈ പരിമിതികൾ ചൂണ്ടിക്കാട്ടി ക്ഷേമപദ്ധതികൾ വെട്ടിച്ചുരുക്കുകയോ വികസനത്തിന് അവധി നൽകുകയോ ചെയ്‌തില്ല. തദ്ദേശസ്ഥാപനങ്ങളെ യഥാർഥ പ്രാദേശിക സർക്കാരുകളാക്കി മാറ്റുന്നതിൽ സർക്കാർ നടത്തിയ ഇടപെടലും പ്രധാനമാണ്. അധികാരാവകാശങ്ങളും പണവും നൽകുക മാത്രമല്ല, വികസന പ്രവർത്തനങ്ങളിലും സാമൂഹ്യപ്രശ്‌നങ്ങളിലും ഇടപെടാൻ കഴിയുന്ന നിലയിൽ അവയെ ശാക്തീകരിച്ചു.
? ഇപ്പോഴത്തെ വിവാദങ്ങൾ സ്വാധീനിക്കില്ല എന്നാണോ?
യുഡിഎഫും ബിജെപിയും അവരെ സഹായിക്കുന്ന മാധ്യമങ്ങളുംചേർന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അഹോരാത്രം ശ്രമിക്കുന്നുണ്ട്. അതൊന്നും ഏശില്ല. വീടില്ലാത്തവർക്കുമുഴുവൻ വീടുനൽകുന്ന ലൈഫിനെയും വികസനത്തിന്റെ പുതുയുഗം സമ്മാനിച്ച കിഫ്‌ബിയെയും പുകമറയിലാക്കാനുള്ള ശ്രമം ജനം അംഗീകരിക്കില്ല.
? കേന്ദ്ര ഏജൻസികളുടെ ഇടപെടലുകളെക്കുറിച്ച്?
സംഘപരിവാരമാണ് ഇതിനു പിന്നിൽ. കേരളത്തെ ഏതെല്ലാംതരത്തിൽ ഉപദ്രവിക്കാമെന്നു നോക്കുകയാണ് ബിജെപി സർക്കാർ. കേരളം മോഡി ഭരണത്തിനുള്ള ശരിയായ ബദലായി ഉയർന്നുവരുന്നതിലുള്ള അസഹിഷ്‌ണുതയും ആശങ്കയുമാണ് അവരെ പരിഭ്രാന്തരാക്കുന്നത്. സർവാധികാരങ്ങളും ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ ഞെരുക്കുന്നു. ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത് ഭരണഘടനാ ലംഘനമാണ്; ഫെഡറൽ തത്വങ്ങൾക്കു വിരുദ്ധവും.
? കേരള കോൺഗ്രസ്(എം) അടക്കമുള്ള കക്ഷികളുടെ വരവ് എൽഡിഎഫിന് നേട്ടമാകുമോ?
മുന്നണിയുടെ രാഷ്‌ട്രീയ അടിത്തറ വികസിച്ചതിനപ്പുറം രാഷ്‌ട്രീയമാനമുണ്ട് ഇതിന്. സർക്കാർ ഒറ്റപ്പെട്ടുവെന്ന പ്രതിപക്ഷ പ്രചാരണങ്ങൾക്കിടെയാണ് ഇടതുപക്ഷമാണ് ശരിയെന്നു പ്രഖ്യാപിച്ച് കേരള കോൺഗ്രസ്(എം) കടന്നുവരുന്നത്. അതിനുമുമ്പ് എൽജെഡിയും വന്നു. ഫലത്തിൽ യുഡിഎഫ് തീർത്തും ദുർബലമായി, എൽഡിഎഫ് കൂടുതൽ കരുത്താർജിക്കുകയും ചെയ്‌തു.
തയ്യാറാക്കിയത്: കെ ടി ശശി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..