ശബരിമല
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്നും ഹൈക്കമാൻഡ് ആവശ്യമായ തീരുമാനം എടുക്കുമെന്ന് കരുതുന്നുവെന്നും രമേശ് ചെന്നിത്തല. ശബരിമല സന്നിധാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാര് എന്നത് മാധ്യമങ്ങളുടെ ചർച്ച മാത്രമാണ്. മുഖ്യമന്ത്രിയാകാൻ താൻ യോഗ്യനാണെന്നുള്ളത് വെള്ളാപ്പള്ളിയുടെ വ്യക്തിപരമായ അഭിപ്രായമാണ്. വെള്ളാപ്പള്ളിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. നിലവിൽ പുനഃസംഘടന ചർച്ചകൾ ആരംഭിച്ചിട്ടില്ല.
സാമുദായിക സംഘടനകളുമായും ബന്ധമുള്ള പാർടിയാണ് കോൺഗ്രസ്. എൻഎസ്എസിന്റെ പരിപാടിക്ക് ആരെ വിളിക്കണമെന്ന് അവരാണ് തീരുമാനിക്കുന്നത്. ആര് വിളിച്ചാലും പരിപാടിയിൽ പങ്കെടുക്കും. മന്നംജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെന്നിത്തലയെ പിന്തുണച്ച് കെ സുധാകരൻ
കോൺഗ്രസ് നേതൃതർക്കത്തിൽ രമേശ് ചെന്നിത്തലയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിയാകാൻ രമേശ്‌ചെന്നിത്തലയ്‌ക്ക് എന്ത് അയോഗ്യതയാണുള്ളതെന്നും കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. സമുദായ നേതാക്കളുടെ വോട്ടുവാങ്ങാമെങ്കിൽ അവർക്ക് അഭിപ്രായവും പറയാം. കോൺഗ്രസിന്റെ പാർലമെന്ററി നേതൃത്വത്തിൽ ആര് വരണമെന്ന് അഭിപ്രായപ്പെടാൻ വെള്ളാപ്പള്ളി നടേശനും അവകാശമുണ്ട്. –- സുധാകരൻ പറഞ്ഞു.
സതീശനെ പിന്തുണയ്‌ക്കാതെ വേണുഗോപാൽ
പ്രതിപക്ഷ നേതാവിനെതിരായ വെള്ളാപ്പള്ളി നടേശന്റെ രൂക്ഷ വിമർശനത്തിൽ വി ഡി സതീശനെ പിന്തുണയ്‌ക്കാതെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഞായറാഴ്‌ച കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വെള്ളാപ്പള്ളിയെ തള്ളിപ്പറയാൻ വേണുഗോപാൽ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. സതീശനെ തള്ളിയും രമേശ് ചെന്നിത്തലയെ അനുകൂലിച്ചുമുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ‘സതീശൻ മറുപടി പറഞ്ഞിട്ടുണ്ട്, ദാറ്റ്‌സ് ഓൾ’ എന്നായിരുന്നു വേണുഗോപാലിന്റെ മറുപടി. സാമുദായിക സംഘടനാ നേതാക്കൾക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. എല്ലാവരും എല്ലാ വേദിയിലും പോകും. കോൺഗ്രസ് എല്ലാവരെയും ഉൾക്കൊള്ളുന്ന പാർടിയാണ്. ഒന്നിനെയും നിഷേധിക്കില്ല. എല്ലാ സമുദായങ്ങളെയും ഒന്നിപ്പിച്ച് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും വെള്ളാപ്പള്ളിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി വേണുഗോപാൽ പറഞ്ഞു.
അംബേദ്‌കറെ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ പ്രതികരണത്തിനെതിരെ 24ന് രാജ്യവ്യാപകമായി കലക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തും.
അമിത്ഷായ്‌ക്കെതിരെ കലക്ടർമാർക്ക് നിവേദനം നൽകും. മാധ്യമവക്താവ് സ്ഥാനത്ത് നിന്ന് കെപിസിസി അംഗത്തെ മാറ്റിയത് ആഭ്യന്തര കാര്യമാണെന്നും ചോദ്യങ്ങൾക്ക് മറുപടിയായി വേണുഗോപാൽ പറഞ്ഞു.
ലീഗും കെെവിട്ടു
വെള്ളാപ്പള്ളിയുടെ ആരോപണത്തിൽ സതീശനെ പിന്തുണയ്‌ക്കാതെ കുഞ്ഞാലിക്കുട്ടി. ലീഗിന്റെ അഭിപ്രായം സമയമാകുമ്പോൾ പറയേണ്ടിടത്ത് പറയുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തെറ്റുപറ്റിയോഎന്ന് പരിശോധിക്കും: സതീശൻ
വിമർശിക്കാൻ ആർക്കും അവസരമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘‘പാർടിക്കകത്തും പുറത്തുമുള്ളവർക്ക് വിമർശിക്കാം. എന്റെ ഭാഗത്ത് തെറ്റുണ്ടോയെന്ന് പരിശോധിച്ച്, തെറ്റുണ്ടെങ്കിൽ തിരുത്തും. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല. വെള്ളാപ്പള്ളിയല്ല, ആരു പറഞ്ഞാലും തെറ്റുണ്ടെങ്കിൽ തിരുത്തും. എഐസിസിയും കേരളത്തിലെ കോൺഗ്രസ് എംഎൽഎമാരും ഏൽപ്പിച്ച അസൈൻമെന്റിനുവേണ്ടി മാത്രമാണ് ഞാൻ പ്രവർത്തിക്കുന്നത്. എൻഎസ്‌എസിനെ പുകഴ്‌ത്തിയിട്ടില്ല. അവരുടെ ഹിന്ദുത്വവിരുദ്ധ നിലപാട് ശരിയായിരുന്നുവെന്ന് പറയുകമാത്രമാണ് ചെയ്തതെന്നും സതീശൻ പ
റഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..