പെരുമ്പാവൂർ
പെരുമ്പാവൂരിൽ അതിഥിത്തൊഴിലാളിയുടെ മൂന്നരവയസ്സുള്ള മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അസംകാരനെ അറസ്‌റ്റ് ചെയ്‌തു. ഇരിങ്ങോൾ പാങ്കുളത്തിനുസമീപം പ്ലൈവുഡ് ഉണ്ടാക്കുന്ന അസംസ്‌കൃതവസ്‌തു നിർമിക്കുന്ന ഫാത്തിമ വിനീർ കമ്പനിവളപ്പിൽ വെള്ളി പകൽ മൂന്നിനായിരുന്നു സംഭവം. കമ്പനിയിലെ തൊഴിലാളി സജ്മൽ അലി (21)യാണ് അറസ്‌റ്റിലായത്. ഇതേ കമ്പനിയിലെ തൊഴിലാളികളായ ദമ്പതികളുടെ മകളാണ് അതിക്രമത്തിന് ഇരയായത്.
വെള്ളി രാത്രി ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയ കുറുപ്പംപടി പൊലീസ് ശനി പുലർച്ചെതന്നെ പ്രതിയെ പിടികൂടി. കമ്പനിയിലെ വിശ്രമമുറിക്കുസമീപമായിരുന്നു ലൈംഗികാതിക്രമം. രാത്രി ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടിയെ അമ്മ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. രാത്രിതന്നെ അന്വേഷണം നടത്തി സംശയംതോന്നിയ അഞ്ചുപേരെ കസ്‌റ്റഡിയിലെടുത്തെങ്കിലും സജ്‌മൽ അലിമാത്രമാണ് പ്രതിയെന്ന് കണ്ടെത്തി. കമ്പനിയുടെ വിശ്രമമുറിയിലേക്ക് പോകുന്ന പ്രതിയുടെയും കുട്ടിയുടെയും ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംശയിക്കുന്നവരുടെ ഫോട്ടോ കുട്ടിയെ കാണിച്ചാണ് യഥാർഥ പ്രതിയെ കണ്ടെത്തിയത്. ദ്വിഭാഷിയെ ഉപയോഗിച്ച് കൗൺസലിങ് നടത്തിയശേഷം കുട്ടിയിൽനിന്ന് രഹസ്യമൊഴി രേഖപ്പെടുത്തിയെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാർ പറഞ്ഞു.
കുട്ടി ലൈംഗികാതിക്രമത്തിന് വിധേയയായെന്ന ഡോക്ടറുടെ മൊഴിയും ലഭിച്ചു. രണ്ടാഴ്ചമുമ്പാണ് സജ്മൽ അലി കമ്പനിയിൽ ജോലിക്കെത്തിയത്. മാതാപിതാക്കളോടൊപ്പം കുട്ടി ദിവസവും കമ്പനിയിൽ എത്താറുണ്ട്. കളിക്കുന്നതിനിടയിലാണ് പ്രതി കുട്ടിയെ വശത്താക്കി കൊണ്ടുപോയത്. സജ്‌മൽ അലി ഉൾപ്പെടെയുള്ള തൊഴിലാളികൾ കമ്പനിയിലെ വിശ്രമമുറിയിലാണ് താമസിച്ചിരുന്നത്.
1.20 ലക്ഷം
അതിഥിത്തൊഴിലാളികൾ
|റൂറൽ ജില്ലയിൽ അതിഥിത്തൊഴിലാളികളുടെ രജിസ്‌ട്രേഷൻ 1.20 ലക്ഷം കടന്നു. കൂടുതലും അസമിൽനിന്നുള്ളവരാണ്.
ഏറ്റവും കൂടുതൽ രജിസ്‌ട്രേഷൻ നടന്നത് പെരുമ്പാവൂർ സ്‌റ്റേഷൻ പരിധിയിലാണ്–- -14,000 പേർ. കുന്നത്തുനാട്–--11,000, കുറുപ്പംപടി–-9600, മൂവാറ്റുപുഴ–-9400, ബിനാനിപുരം–-8500 എന്നിങ്ങനെയും രജിസ്‌റ്റർ ചെയ്‌തു.
റൂറൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും രജിസ്ട്രേഷന് സൗകര്യമുണ്ട്. ട്രെയിനിൽ വന്നിറങ്ങുമ്പോൾത്തന്നെ രജിസ്ട്രേഷന് വളന്റിയർമാരുടെ സഹകരണത്തോടെ കൗണ്ടറുകളുണ്ട്. അതിഥിത്തൊഴിലാളികൾക്ക് 24 മണിക്കൂറും 0484–-2627540 എന്ന ഹെൽപ്പ്‌ലൈൻ നമ്പരിൽ പൊലീസുമായി ബന്ധപ്പെടാം.
ക്രിമിനലുകളെ കണ്ടെത്തും
കൊച്ചി
എറണാകുളം റൂറൽ ജില്ലയിൽ രജിസ്‌റ്റർ ചെയ്‌ത അതിഥിത്തൊഴിലാളികളിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താനുള്ള നടപടി മൂന്നുമാസത്തിനകം പൂർത്തിയാകുമെന്ന് എസ്‌പി വിവേക്‌കുമാർ. എല്ലാവർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കും. അതിഥിത്തൊഴിലാളികളുടെ പേരിൽ കേസുണ്ടെങ്കിൽ അറിയിക്കാൻ അവരുടെ മേൽവിലാസമുള്ള ജില്ലകളിലെ എസ്‌പിമാർക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിന്റെ മറുപടി ഉടൻ ലഭിക്കും.
അതിഥിത്തൊഴിലാളികൾക്ക് ക്രിമിനൽ പശ്‌ചാത്തലമുണ്ടോയെന്ന് മൂന്നുമാസത്തിനകം ഉറപ്പാക്കാം. രാത്രിയിൽ അലഞ്ഞുതിരിയുന്ന അതിഥിത്തൊഴിലാളികളെ കണ്ടെത്തി നീക്കാൻ രാത്രി പട്രോളിങ് ശക്തിപ്പെടുത്തി. അതിക്രമങ്ങൾ തടയാൻ അതിഥിത്തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണ ക്യാമ്പുകൾ നടത്തുന്നുണ്ട്. സ്‌ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ക്യാമ്പുകളുണ്ടെന്നും എസ്‌പി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..