തിരുവനന്തപുരം> അപകടത്തെത്തുടര്‍ന്ന് കാല്‍പാദം അറ്റുപോയ കൊല്ലം സ്വദേശി 26 കാരന് പുതുജീവന്‍. ജെസിബി ഡ്രൈവറായ യൂസഫിന്റെ കാല്‍പാദമാണ് അപകടത്തെത്തുടര്‍ന്ന് അറ്റുപോയത്. എസ് പി മെഡിഫോര്‍ട്ടിലെ പ്ലാസ്റ്റിക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. ശ്രീലാല്‍ ശ്രീധരന്റെ നേതൃത്വത്തില്‍ നടന്ന അപൂര്‍വ ശസ്ത്രക്രിയകളുടെ ഭാഗമായി യൂസഫിന്റെ കാല്‍പാദം വിജയകരമായി തുന്നിച്ചേര്‍ക്കുകയായിരുന്നു.
അപകടത്തില്‍ കാല്‍ പൂര്‍ണ്ണമായും മുറിഞ്ഞുപോയത് സംയോജിപ്പിക്കാന്‍ പലഘട്ടങ്ങളില്‍ ഉള്ള ശസ്ത്രക്രിയകള്‍ വേണ്ടി വന്നു. വേര്‍പ്പെട്ടുപോയ എല്ലുകളെ സുസ്ഥിരമാക്കാന്‍ ഒരു ബാഹ്യ ഫിക്‌സേറ്റര്‍ ഉപയോഗിച്ച് കാല്‍ വീണ്ടും ഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകളാണ് വിജയകരമായി നടത്തിയത്. രക്തക്കുഴലുകള്‍ സൂക്ഷ്മമായി തുന്നിച്ചേര്‍ക്കുകയും തുടര്‍ന്ന് രോഗിയുടെ വലത് കാലില്‍ നിന്ന് ഞരമ്പുകളും ധമനിയും സംയോജിപ്പിക്കുകയും ചെയ്യുന്ന അപൂര്‍വ്വമായതും പ്രയാസം നിറഞ്ഞതുമായ ആദ്യ ഘട്ട ശസ്ത്രക്രിയകള്‍ വിജയിച്ചു
സങ്കീര്‍ണ്ണമായതായിരുന്നു ശസ്ത്രക്രിയകള്‍ എന്ന് ഡോ. ശ്രീലാല്‍ ശ്രീധരന്‍ പറഞ്ഞു. ശസ്ത്രക്രിയകളുടെ ഓരോ ഘട്ടത്തിലും മള്‍ട്ടി ഡിസിപ്ലിനറി സമീപനവും വിശദമായ ശ്രദ്ധയും ആവശ്യമായി വേണ്ടി വന്നു. യൂസഫിന്റെ കാലുകള്‍ സംരക്ഷിക്കുക എന്നത് മാത്രമായിരുന്നില്ല ലക്ഷ്യം. നഷ്ടപ്പെട്ടു പോയി എന്ന് വിചാരിച്ചിടത്തു നിന്ന് യൂസഫിന്റെ ജീവിതത്തെ തിരികെ പിടിക്കുകയും അയാളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരികയായിരുന്നു ലക്ഷ്യം. അതിന്റെ ആദ്യ ഘട്ടം വിജയകരമായി എന്നും ഡോ. ശ്രീലാല്‍ ശ്രീധരന്‍ പറഞ്ഞു.
പ്രാഥമിക ശസ്ത്രക്രിയയ്ക്ക് അഞ്ച് ദിവസത്തിന് ശേഷം, പരിക്കേറ്റ കാലില്‍ മതിയായ രക്തചംക്രമണം സ്ഥിരീകരിച്ചതിന് ശേഷം രണ്ടാമത്തെ മൈക്രോവാസ്‌കുലര്‍ ഫ്‌ലാപ്പ് ശസ്ത്രക്രിയ നടത്തി. രക്തചംക്രമണം പുനഃസ്ഥാപിക്കുന്നതിനായി രക്തക്കുഴലുകള്‍ സങ്കീര്‍ണ്ണമായി ബന്ധിപ്പിച്ചുകൊണ്ട് വലതു കാലില്‍ നിന്നുള്ള മാംസം ഇടതുവശത്തേക്ക് മാറ്റി. കാലിലെ ടിഷ്യു നഷ്ടമായതിനാല്‍, വലതുകാലില്‍ നിന്ന് ഗ്രാഫ്റ്റുകള്‍ ഉപയോഗിച്ച് മാംസത്തിന്റെയും ചര്‍മ്മത്തിന്റെയും വിപുലമായ പുനര്‍നിര്‍മ്മാണം ഏറ്റെടുത്തു.
മൂന്ന് മാസത്തിന്നു ശേഷം കാലിന്റെ സ്ഥിരതയ്ക്കായി സ്റ്റീല്‍ പ്ലേറ്റുകള്‍ സ്ഥാപിക്കലും കാലുകളെ പഴയ രൂപത്തിലാക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍ കൂടി ഉണ്ടാകുമെന്ന് എസ്പി മെഡിഫോര്‍ട്ടിലെ ഓര്‍ത്തോപീഡിക് സര്‍ജനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ആദിത്യ പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ യൂസഫിന് നടക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനും സാധിക്കും.
ഡോക്ടര്‍ന്മാരായ നിരഞ്ജന്‍, ജസ്റ്റിന്‍, വിമല്‍, ഫാത്തിമ, ദുര്‍ഗ്ഗപ്രസാദ്, സുജീഷ് എന്നിവര്‍ ശസ്ത്രക്രിയകളില്‍ പങ്കാളിയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..