22 December Sunday

പുസ്‌തകങ്ങളെയും തെരുവുനായകളെയും
 സ്‌നേഹിച്ച ശതകോടീശ്വരൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

മുംബൈ
പഠനം കഴിഞ്ഞ്‌ ലൊസ് ആഞ്ചലസിൽനിന്ന്‌ തിരികെ ഇന്ത്യയിലെത്തിയ രത്തൻ ടാറ്റ ഒരാൾക്കുവേണ്ടി കാത്തിരുന്നു. അമേരിക്കയിലുള്ള കാമുകിയെ. എന്നാൽ, അന്നത്തെ യുദ്ധസാഹചര്യത്തിൽ അവർ ഇന്ത്യയിലേക്ക്‌ വരാൻ വിസമ്മതിച്ചപ്പോൾ പ്രണയം വേദനയോടെ ഉപേക്ഷിച്ചു. പങ്കാളിയും മക്കളും ഇല്ലാത്തതിന്റെ ഒറ്റപ്പെടൽ തോന്നാറുണ്ടെന്ന്‌ പറഞ്ഞിട്ടുണ്ടെങ്കിലും വിവാഹം വേണ്ടെന്ന്‌ വച്ചത്‌ തെറ്റായ തീരുമാനമായി രത്തൻ കരുതിയില്ല.

എക്കാലവും കൊണ്ടുനടന്ന മറ്റൊരു പ്രണയം രത്തനുണ്ടായിരുന്നു. പുസ്‌തകങ്ങളോടായിരുന്നു ആ ഇഷ്‌ടം. വായനയുടെ ലോകത്ത്‌ സ്ഥിരതാമസമാക്കിയ കാലവുമുണ്ടായിരുന്നു. 1991ൽ ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേൽക്കുന്നതിനുമുമ്പ്‌ പഴയ ബോംബെയുടെ ഭാഗമായ കൊളാബയിലെ ബഖ്‌താവറിൽ സാധാരണ ഫ്ലാറ്റിലായിരുന്നു താമസം. പുസ്‌തകങ്ങൾക്ക്‌ പ്രത്യേക സ്ഥാനം അവിടെയുണ്ടായിരുന്നു. ജയിച്ചുകയറുന്ന കഥകൾ വായിക്കാനായിരുന്നു രത്തന്‌ കൂടുതൽ താൽപ്പര്യം. ഗാർത്‌ സ്‌റ്റെയ്‌നിന്റെ "ദി ആർട്ട്‌ ഓഫ്‌ റേസിങ്‌ ഇൻ ദ റെയ്‌ൻ' പ്രിയപ്പെട്ട പുസ്‌തകങ്ങളിൽ ഒന്നായിരുന്നു. ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട എൻസോ എന്ന നായയും ഉടമയും തമ്മിലുള്ള ഹൃദയഹാരിയായ ബന്ധം വിവരിക്കുന്ന നോവലാണിത്‌. സംവിധായകൻ സൈമൺ കർടിസ്‌ ഇത്‌ സിനിമയുമാക്കി.

ടാറ്റ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബോംബെ ഹൗസ്‌ തെരുവുനായകൾക്ക്‌ എപ്പോഴും കയറിയിറങ്ങാവുന്ന ഇടമായിരുന്നു. കെട്ടിടം പുതുക്കിപ്പണിതപ്പോൾ അവയ്‌ക്കായും മുറിയൊരുക്കി. കഴിഞ്ഞ ജൂണിൽ അപൂർവരോഗം ബാധിച്ച തെരുവുനായക്ക്‌ ചികിത്സയ്‌ക്ക്‌ രക്തം അഭ്യർഥിച്ച്‌ രത്തൻ ടാറ്റ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു.

പ്രിയചങ്ങാതി "ഗോവ'
പതിനൊന്നുവർഷംമുമ്പ്‌ നടത്തിയ ഗോവൻയാത്രയിൽ ഒരു പ്രിയചങ്ങാതിയെ കിട്ടി രത്തന്‌. ഗോവയിൽ അലഞ്ഞുനടന്ന തെരുവുനായ. നടത്തത്തിനിടെ കൂടെക്കൂടിയതാണവൻ. ബോംബെ ഹൗസിൽ മറ്റുള്ളവർക്കൊപ്പം പാർപ്പിച്ചു, "ഗോവ' എന്ന്‌ പേരും നൽകി. ഇൻസ്റ്റഗ്രാമിൽ ഗോവയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ അദ്ദേഹം എഴുതിയത്‌ "മൈ ഓഫീസ്‌ കംപാനിയൻ' എന്നായിരുന്നു. യജമാനന്‌ അന്ത്യോപചാരമർപ്പിക്കാൻ "ഗോവ'യും എത്തിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top