18 October Friday

റേഷൻ കാർഡ്‌ ആധാർ മസ്റ്ററിങ്‌ 25 വരെ നീട്ടി ; 80.58 ശതമാനം പേർ പൂർത്തിയാക്കി

എസ്‌ സിരോഷUpdated: Thursday Oct 10, 2024


പാലക്കാട്
മുൻഗണനാ വിഭാഗത്തിൽപ്പെട്ട മഞ്ഞ കാർഡുള്ള അന്ത്യോദയ അന്നയോജന (എഎവൈ), പിങ്ക്‌ കാർഡുള്ള മുൻഗണന (പിഎച്ച്‌എച്ച്‌)  റേഷൻ കാർഡുടമകളുടെ ആധാർ മസ്‌റ്ററിങ്‌ 25 വരെ നീട്ടി. ഈ വിഭാഗത്തിൽ സംസ്ഥാനത്ത്‌ 80.58 ശതമാനംപേരാണ്‌ മസ്‌റ്ററിങ്‌ പൂർത്തിയാക്കിയത്‌. കൂടുതൽ പേർ മസ്‌റ്ററിങ് നടത്തിയത്‌ വയനാട്ടിലാണ്‌. 82.34 ശതമാനം പേർ. തൃശൂർ 80.42, തിരുവനന്തപുരം 81.77, പത്തനംതിട്ട 78.43, പാലക്കാട്‌ 80.09, മലപ്പുറം 79.16, കോഴിക്കോട്‌ 81.27, കോട്ടയം 80.50, കൊല്ലം 80.20, കാസർകോട്‌ 78.27, കണ്ണൂർ 82.31, ഇടുക്കി 81.17, എറണാകുളം 80.10, ആലപ്പുഴ 82.18 ശതമാനം എന്നിങ്ങനെയാണ്‌ ഇതുവരെയുള്ള കണക്കുകൾ. കിടപ്പുരോഗികൾക്ക്‌ ഇ പോസ്‌ മെഷീനുമായി റേഷൻകടക്കാർ വീടുകളിലെത്തിയാണ്‌ മസ്‌റ്ററിങ് നടത്തിയത്‌. പഠന ആവശ്യങ്ങൾക്കോ ജോലി സംബന്ധമായോ മറ്റ് ജില്ലകളിലോ താലൂക്കുകളിലോ താമസിക്കുന്നവർക്ക് അവരുടെ തൊട്ടടുത്ത റേഷൻകടയിലെത്തി മസ്റ്ററിങ്‌ നടത്താം. റേഷൻ കാർഡ് കോപ്പി/കാർഡ് നമ്പർ, ആധാർ രേഖ/നമ്പർ കരുതണം.

വിദേശത്ത് താമസിക്കുന്നവർക്ക്‌ ഇളവ്‌: മന്ത്രി
തൊഴിലുമായി ബന്ധപ്പെട്ട്‌ വിദേശത്ത് താമസിക്കുന്നവർ റേഷൻകാർഡ്‌ മസ്റ്ററിങിന് അടിയന്തരമായി കേരളത്തിൽ എത്തേണ്ടതില്ലെന്ന്‌ മന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു. അത്തരക്കാരെ ‘നോൺ റസിഡന്റ് കേരള’ സ്‌റ്റാറ്റസ്‌ നൽകി കാർഡിൽ നിലനിർത്താനാണ്‌ ഉദ്ദേശിക്കുന്നതെന്നും ഇ കെ വിജയന്റെ ശ്രദ്ധക്ഷണിക്കലിന്‌ മന്ത്രി മറുപടി നൽകി. മുൻഗണനാപട്ടികയിലുള്ള മുഴുവൻ അംഗങ്ങളുടെയും മസ്റ്ററിങ്‌ നടപടികൾ പൂർത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീർഘിപ്പിച്ചു നൽകണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രസർക്കാരിന് കത്ത് നൽകും. മുൻഗണനാ കാർഡ് അംഗങ്ങളുടെ ഇ–-കെവൈസി മസ്‌റ്ററിങ്‌ പൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന ഒഴിവിലേക്ക്‌ അർഹരായവരെ പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top