തിരുവനന്തപുരം > മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിങിനുള്ള സമയപരിധി നവംബർ 30വരെ നീട്ടിയെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. സംസ്ഥാനത്ത് മുൻഗണന റേഷൻകാർഡ് മസ്‌റ്ററിങ് 85 ശതമാനവും പൂർത്തീയാക്കിയെന്നും ഏറ്റവും കൂടുതൽ റേഷൻ കാർഡ് ഉടമകൾ മസ്റ്ററിങ് പൂർത്തിയാക്കിയ മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറിയെന്നും ജിആർ അനിൽ പറഞ്ഞു.
മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിങിനുള്ള സമയ പരിധി നേരത്തെ നവംബർ അഞ്ചുവരെയാണ് നീട്ടിയിരുന്നത്. എന്നാൽ ഇത് ഈ മാസം 30 വരെ തുടരും. 6-ാം തീയതി മുതൽ ഐറിസ് സ്കാനറിന്റെ ഉപയോഗം വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് 19,84,134 എഎവൈ കാർഡ് അംഗങ്ങളിൽ 16,75,686 പേരും പിഎച്ച്എച്ച് വിഭാഗത്തിലുള്ള 1,33,92,566 അംഗങ്ങളിൽ 1,12,73,363 പേരും മസ്റ്ററിങ് പൂർത്തീകരിച്ചു. മുഴുവൻ പേരും മസ്റ്ററിങ് പൂർത്തിയാക്കുന്നതിനായാണ് നവംബർ 30വരെ ദീർഘിപ്പിച്ചത്.
ആദ്യ ഘട്ടത്തിൽ അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്കാനറിന്റെ സഹായത്തോടെയുള്ള ക്യാമ്പുകൾ സംഘടിപ്പിച്ച് ഇകെവൈസി അപ്ഡേഷൻ താലൂക്കുകളിൽ നടത്തി വരുന്നുണ്ട്. സംസ്ഥാനത്ത് ആകെ 242 സ്കാനറുകൾ നിലവിലുണ്ട്. ഇത് കൂടാതെ കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് യുഐഡിഎഐ അംഗീകാരമുള്ള മേരാ കെവൈസി മൊബൈൽ ആപ്പ് ഹൈദ്രാബാദ് എൻഐസിയുടെ സഹായത്തോടെ വികസിപ്പിച്ചിട്ടുണ്ട്. ആപ്പിന്റെ സാങ്കേതിക പരിശോധന ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടത്തി വരുകയാണ്. 11-ാം തീയതിയോടെ ഈ സംവിധാനം പ്രാവർത്തികമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇകെവൈസി അപ്ഡേഷൻ നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇതോടെ മൊബൈൽ ആപ്പിലൂടെ മസ്റ്ററിങ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. ഇതിലൂടെ കിടപ്പ് രോഗികൾക്കും ഇ-പോസിൽ വിരലടയാളം പതിയാത്തവർക്കും സ്മാർട്ട് ഫോൺ ഉപയോഗിച്ച് മസ്റ്ററിങ് നടത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..