23 December Monday

ഭക്ഷ്യവിലക്കയറ്റം ഞെട്ടിക്കുന്നതെന്ന്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ; സമ്പദ് വ്യവസ്ഥയെ ദുർബലപ്പെടുത്തും

വാണിജ്യകാര്യ ലേഖകന്‍Updated: Saturday Nov 23, 2024



കൊച്ചി
രാജ്യത്ത് കുതിച്ചുയരുന്ന വിലക്കയറ്റം ഞെട്ടിക്കുന്നതും പരിഭ്രാന്തി സൃഷ്ടിക്കുന്നതുമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബുള്ളറ്റിൻ. നിയന്ത്രിച്ചില്ലെങ്കിൽ ഇത് സമ്പദ് വ്യവസ്ഥയെ  ദുർബലപ്പെടുത്തും. വ്യവസായവും കയറ്റുമതിയും പ്രതിസന്ധിയിലാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. നവംബറിലെ  ബുള്ളറ്റിനിൽ പണനയസമിതിയിലെ റിസർവ് ബാങ്ക് പ്രതിനിധികളിലൊരാളായ ഡെപ്യൂട്ടി ഗവർണർ മൈക്കിൾ ദേബബ്രത പത്രയുടെ "സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി' എന്ന ലേഖനത്തിലാണ് ഇക്കാര്യമുള്ളത്‌.

സിപിഐ ഉയർന്ന നിരക്കിൽ
വിലക്കയറ്റം ഇപ്പോൾത്തന്നെ ഉപഭോക്തൃ ആവശ്യകത, കോർപറേറ്റ് വരുമാനം തുടങ്ങിയവയെ ​ഗുരുതരമായി ബാധിച്ചിട്ടുണ്ട്‌.  ഒക്ടോബറിൽ ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം (സിപിഐ) 14 മാസത്തെ ഉയർന്ന നിരക്കായ 6.21 ശതമാനമാണ്‌. വിലക്കയറ്റം നാല് ശതമാനത്തിൽ പിടിച്ചുനിർത്തണമെന്നായിരുന്നു റിസർവ് ബാങ്ക് നിർദേശിച്ചിരുന്നത്‌. വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഫലപ്രദമായ വിപണി ഇടപെടലോ സാമ്പത്തികനയങ്ങളോ സ്വീകരിക്കാത്തതിനാൽ ഭക്ഷ്യോൽപ്പന്ന വിലക്കയറ്റം 10.87 ശതമാനമായി കുതിച്ചുയർന്നു. ഇതാണ് പ്രധാനമായും രാജ്യത്തെ പണപ്പെരുപ്പനിരക്ക് ഉയർത്തുന്നത്. ഭക്ഷ്യോൽപ്പന്ന ചില്ലറ വിലക്കയറ്റം നാലുമാസത്തിനകം 5.45 ശതമാനമാണ് വർധിച്ചത്.  വരുംമാസങ്ങളിലും വിലക്കയറ്റം രൂക്ഷമാകും.

ഭക്ഷ്യോൽപ്പന്ന വിലക്കയറ്റം ഉയർന്നുനിൽക്കുന്നതിനാൽ തുടർച്ചയായി പത്താംതവണയും പലിശനിരക്കുകളിൽ മാറ്റമില്ലാതെയാണ് റിസർവ് ബാങ്ക് ഒക്ടോബറിൽ പണനയം പ്രഖ്യാപിച്ചത്.  ഡിസംബറിലെ പണനയത്തിലും പലിശ കുറയ്ക്കാൻ സാധ്യതയില്ലെന്നാണ് ബുള്ളറ്റിൻ നൽകുന്ന സൂചന. ഭക്ഷ്യോൽപ്പന്ന വിലക്കയറ്റംമൂലം പണപ്പെരുപ്പം ഉയരുന്നത് സാധാരണക്കാരന് തിരിച്ചടിയാണെന്ന്‌ 16ന് കൊച്ചിയിൽ നടത്തിയ പ്രഭാഷണത്തിൽ റിസർവ് ബാങ്ക് ​ഗവർണർ  ശക്തികാന്ത ദാസ്‌ വ്യക്തമാക്കിയിരുന്നു. പണപ്പെരുപ്പം ഉയരുമ്പോൾ ആളുകളുടെ വാങ്ങൽശേഷി കുറയും. ഇത് ജീവിതത്തെയും സമ്പദ്-വ്യവസ്ഥയെയും പിന്നോട്ടുവലിക്കുമെന്നും ​ഗവർണർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top