22 December Sunday
വായ്പാസ്ഥാപനങ്ങളില്‍ നേരിട്ട്‌ ചെല്ലാതെ വായ്പ നേടാം

യുപിഐപോലെ യുഎൽഐ ; വായ്പാവിതരണത്തിന് ആർബിഐ ഏകീകൃത പ്ലാറ്റ്ഫോം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024


കൊച്ചി
യുപിഐ ആപ്പുകളിലൂടെ എളുപ്പത്തില്‍ പണം അയക്കുന്നതുപോലെ, തടസ്സമില്ലാതെ വായ്പ നൽകാൻ റിസര്‍വ് ബാങ്ക് ഏകീകൃത വായ്പാ പ്ലാറ്റ്ഫോം (യുഎൽഐ) കൊണ്ടുവരുന്നു. ഭൂ ഉടമസ്ഥതാ വിവരം, ആധാർ, പാൻ, ബാങ്ക് അക്കൗണ്ട് വിവരം എന്നിവ അതിവേ​ഗം വിശകലനം ചെയ്താകും പ്ലാറ്റ്ഫോം പ്രവർത്തിക്കുക. വായ്പ എടുക്കുന്നവരുടെ അനുമതിയോടെയാകും വിവരങ്ങൾ നൽകുക. 

രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കും (എംഎസ്എംഇ) കർഷകർക്കും ചെറുകിട വായ്പ ആവശ്യമുള്ളവർക്കും യുഎൽഐ ഉപയോ​ഗിക്കാം. വായ്പാസ്ഥാപനങ്ങളില്‍ നേരിട്ട്‌ ചെല്ലാതെ വായ്പ നേടാം. ബം​ഗളൂരുവില്‍ ‘ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചര്‍ ആന്‍ഡ് എമർജിങ് ടെക്നോളജീസ്’ എന്ന വിഷയത്തില്‍ നടന്ന ആ​ഗോള സമ്മേളനത്തിലാണ് റിസർവ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം വ്യക്തമാക്കിയത്. ​ഗ്രാമീണമേഖലയിലും വായ്പാവിതരണത്തില്‍ ഇത് വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ​ഗവര്‍ണര്‍ പറഞ്ഞു.

റിസര്‍വ് ബാങ്ക് 2023 ആ​ഗസ്‌ത്‌ 17ന് യുഎൽഐ പരീക്ഷിച്ചിരുന്നു. 12 ബാങ്കുകള്‍ പങ്കാളികളായി. 1.6 ലക്ഷംരൂപവരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയും സുരക്ഷിതമല്ലാത്ത എംഎസ്എംഇ വായ്പകളും ഡെയ്‌റി, വ്യക്തി​ഗത, ഭവന വായ്പകളും പരീക്ഷണ പദ്ധതിവഴി നൽകി.  സ്ഥാപനങ്ങൾക്ക് അർഹരെ വേ​ഗത്തിൽ കണ്ടെത്തി വായ്പ വിതരണം ചെയ്യാനാകുമെന്നതാണ് പുതിയ പ്ലാറ്റ്ഫോമിന്റെ സവിശേഷത. ഇതിന്റെ സുരക്ഷ ഉറപ്പാക്കാൻ നിർമിത ബുദ്ധി അധിഷ്ഠിത സംവിധാനം ഒരുക്കും. റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ്ബാണ് പ്ലാറ്റ്ഫോം വികസിപ്പിച്ച്‌ കൈകാര്യം ചെയ്യുന്നത്‌. വൈകാതെ നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യക്കോ മറ്റേതെങ്കിലും ഏജന്‍സിക്കോ കൈമാറിയേക്കുമെന്നാണ് സൂചന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top