ആലപ്പുഴ > ഇ വി ചാർജിങ് കേന്ദ്രങ്ങളിൽ വിശ്രമത്തിനും വിനോദത്തിനും അവസരമൊരുക്കുന്ന ‘റിഫ്രഷ് ആൻഡ് റീചാർജ്’ പദ്ധതി പൊതു–സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കാൻ കെഎസ്‌ഇബി. ബോർഡിന്റെ 63 ചാർജിങ് സ്‌റ്റേഷനുകളും പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നതനിലവാരത്തിലേക്ക് ഉയർത്താനാണ് ഉദ്ദേശിക്കുന്നത്. വിശദ പദ്ധതിരേഖ ചുമതലക്കാരനായ ചീഫ് എൻജിനിയറുടെ നേതൃത്വത്തിൽ തയ്യാറാക്കും. ഡയറക്‌ടർ ബോർഡിന്റെ അനുമതി ലഭിച്ച ശേഷമാകും സംരംഭകരെ തേടുന്നതടക്കം തുടർനടപടികൾ. പദ്ധതി തയ്യാറാക്കാൻ ഡയറക്‌ടർ ബോർഡ് അനുമതി നൽകി ഉത്തരവായി.
ശുചിമുറി, വിശ്രമമുറി, കഫ്‌റ്റീരിയ എന്നിവയുൾപ്പെടെ സൗകര്യങ്ങളാകും ഒരുക്കുക. ഒരേസമയം നാല് വാഹനങ്ങൾക്ക് ചാർജുചെയ്യാം. അതിവേഗ ചാർജിങ് സാധ്യമാകുന്ന കേന്ദ്രങ്ങൾക്ക് ഏകീകൃത രൂപരേഖയാണ് പരിഗണിക്കുന്നത്. ചാർജിങ് സെന്ററുകളിൽ പ്രീപെയ്ഡ് രീതിക്ക് പകരം ക്യു ആർ കോഡ് സ്‌കാൻ ചെയ്‌ത് പണം അടയ്‌ക്കാനാകുന്ന ആപ്പ്‌ലെസ് പദ്ധതി, വാഹനങ്ങളുടെ ഡാഷ്‌ബോർഡ് സ്‌ക്രീനിൽതന്നെ ഗൂഗിൾ മാപ്പും മാപ്പ് മൈ ഇന്ത്യയുമടക്കം മാപ്പ് പ്ലാറ്റ്‌ഫോമുകളിൽ ചാർജിങ് സ്‌റ്റേഷനുകളെ അടയാളപ്പെടുത്തൽ എന്നിവ ഉടൻ സാധ്യമാകും.
പുതിയ നിരക്ക് സംരംഭകരെയും ഉപഭോക്താക്കളെയും ആകർഷിക്കും
2030ൽ 15 ദശലക്ഷം വൈദ്യുതി വാഹനങ്ങൾ കേരളത്തിൽ ഓടുമെന്നാണ് പ്രതീക്ഷ. അതിനനുസരിച്ച് ചാർജിങ് സ്‌റ്റേഷനുകളും ആവശ്യമാണ്. ഇതെല്ലാംമുന്നിൽക്കണ്ട് ഇവി ചാർജിങ് രംഗത്തേ് കൂടുതൽ സംരംഭകരെയും സ്‌റ്റാർട്ടപ്പുകളെയും ആകർഷിക്കുന്ന തരത്തിലാണ് വൈദ്യുതിനിരക്ക് പരിഷ്‌കരിച്ചതും. പുതിയ ഉത്തരവ് പ്രകാരം പ്രതിമാസം വൈദ്യുത വാഹനങ്ങൾ ചർജ് ചെയ്യുന്നതിന് ഒരുകിലോവാട്ട് വൈദ്യുതിക്ക് ലോടെൻഷൻ 10 വിഭാഗത്തിന് ഏർപ്പെടുത്തിയിരുന്ന ഫിക്‌സ്‌ഡ് ചാർജ് 100 രൂപയും ഹൈടെൻഷൻ ആറ് വിഭാഗത്തിന് ഏർപ്പെടുത്തിയിരുന്ന ഡിമാൻഡ് ചാർജ് 290 രൂപയും ഒഴിവാക്കി. പകൽസമയത്ത് വൈദ്യുതി ചാർജിങ് പ്രോത്സാഹിപ്പിച്ച് രാത്രികാല അമിത ഉപഭോഗം തടയുകയെന്ന ലക്ഷ്യത്തോടെ രാവിലെ ഒമ്പതുമുതൽ നാലുവരെ സൗരമണിക്കൂറും ബാക്കി സമയം സൗരേതര മണിക്കൂറുമായി തിരിച്ച് ടൈം ഓഫ് ഡേ (ടിഒഡി) താരിഫും നിശ്ചയിച്ചിട്ടുണ്ട്. ചാർജിങ് സ്‌റ്റേഷനുകളിലടക്കം പകൽ സമയം സോളാർവഴി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് മാറ്റം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..