കൽപ്പറ്റ > ക്യാമ്പുകളിൽ ഉള്ളവരുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷമായിരിക്കും പുനരധിവാസ നടപടികളെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര മന്ത്രി പി എ മുഹമ്മദ് റിയാസ്. കൂടുതൽ ജീവനുകൾ നഷ്ടപ്പെട്ടില്ലെങ്കിലും വിലങ്ങാടിലുണ്ടായത് വലിയ തകർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. വിലങ്ങാട് ഉരുൾപൊട്ടിയ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലുണ്ടായ ദുരന്തത്തിന് ഇടയിൽ വിലങ്ങാട് സംഭവിച്ച ആഘാതത്തിന്റെ വ്യാപ്തി വേണ്ട രീതിയിൽ പുറത്തുവന്നിട്ടില്ല. മാത്യു മാസ്റ്ററുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി കെട്ടിടങ്ങളും വീടുകളും കടകളും റോഡുകളും കലുങ്കുകളും പാലങ്ങളും കൃഷിയും നഷ്ടമായി. കോഴിക്കോട് ജില്ലാ കളക്ടർ ഓരോ വകുപ്പുമായും ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ വിശദ റിപ്പോർട്ട് സമാഹരിക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ സ്ഥലം എംപി, എംഎൽഎ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരുമായി യോഗം ചേർന്ന് പുനരധിവാസ നടപടികളിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സർട്ടിഫിക്കറ്റുകൾ രേഖകൾ നഷ്ടപ്പെട്ടവർക്കായി സ്പെഷ്യൽ അദാലത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പിൽ കഴിയുന്ന വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്യും. ഓൺലൈൻ പഠനം ഏർപ്പെടുത്തണമെങ്കിൽ അത് ഉറപ്പാക്കും. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കുംമെന്നും മന്ത്രി വ്യക്തമാക്കി.
വിലങ്ങാടിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം വിവിധ വകുപ്പുകൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. ഓരോ വകുപ്പിനും സംഭവിച്ച നഷ്ടം കണക്കാക്കിയുള്ള റിപ്പോർട്ട് ലഭിച്ചാലുടൻ ഏകോപിച്ച് സർക്കാറിലേക്ക് നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..