തിരുവനന്തപുരം
സംസ്ഥാനത്ത് അതിദരിദ്രരുടെ പട്ടികയിലുള്ളവർക്ക് വീടുനിർമാണം പൂർത്തിയാകുംവരെ വാടകവീടുകളിൽ താമസ സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാർ. ലൈഫ് ഭവനപദ്ധതിയിൽപ്പെട്ട, സ്വന്തമായി വീടില്ലാത്ത കുടുംബങ്ങൾക്ക് കെട്ടിടങ്ങളോ വീടുകളോ വാടകയ്‌ക്കെടുത്തുനൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകി. ഉപയോഗിക്കാത്ത, വാസയോഗ്യമായ കെട്ടിടങ്ങൾ ഇതിനായി കണ്ടെത്തും. 15,000 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും.
പഞ്ചായത്ത് പരിധിയിൽ 5,000 രൂപയും നഗരസഭാപരിധിയിൽ 7000 രൂപയും കോർപറേഷൻ പരിധിയിൽ 8000 രൂപയും പരമാവധി വാടക നൽകും. രണ്ടുവർഷത്തേക്ക് വീടുകൾ വാടകയ്‌ക്കെടുത്ത് നൽകാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്.
സംസ്ഥാനത്ത് 64,006 കുടുംബങ്ങളാണ് അതിദരിദ്രരായുള്ളത്. ഇതിൽ 16,160 പേർക്കാണ് വീട് ആവശ്യമുള്ളത്. ഭൂമിയും വീടും ഇല്ലാത്തവരും ഭൂമിയുള്ളവരും ഇതിൽപ്പെടും.
ഇതിൽ 4200പേർക്ക് ലൈഫിൽ വീടുവയ്‌ക്കാൻ കരാറായിട്ടുണ്ട്. വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. നിർമാണം നടക്കുന്നവർക്ക് വീടു പൂർത്തിയാകുംവരെ വാടക വീടുകളിൽ താമസിക്കാം. വാടകത്തുക വാർഷിക പദ്ധതിയിൽനിന്നോ തനത് ഫണ്ടിൽനിന്നോ സ്പോൺസർഷിപ്പ് വഴിയോ കണ്ടെത്തി വകയിരുത്താനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..