22 December Sunday

ആറ് സോണുകളായി തിരിച്ച് നാളെയും രക്ഷാദൗത്യം തുടരും: കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

മേപ്പാടി > മുണ്ടകൈയിൽ നാളെ ആറ് സോണുകളായി തിരിച്ച് രക്ഷാദൗത്യം തുടരുമെന്ന് മന്ത്രി കെ രാജൻ. ഇരുപത് ടണ്ണിലേറെ ഭാരം കടത്താവുന്ന ബെ‌യ്‌ലി പാലം സജ്ജമായി. പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ രക്ഷാദൗത്യത്തിനാവശ്യമായ ഉപകരണങ്ങൾ ദുരന്തസ്ഥലത്ത് എത്തിച്ചു.

അട്ടമല, മുണ്ടകൈ, പുഞ്ചിരി മറ്റം, വില്ലേജ് റോഡ്, സ്കൂൾ ഏരിയ, ഡൗൺ സ്ട്രീം എന്നീ ആറ് സോണുകളായി തിരിച്ച് മുണ്ടകൈയിൽ നാളെ രക്ഷാദൗത്യം നടക്കും. ആറ് മേഖലകളിലെ രക്ഷാദൗത്യത്തിനായി നാൽപതോളം സ്ക്വാഡുകളെ നിയോ​ഗിക്കുമെന്നും മന്ത്രി കെ രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചാലിയാർ പുഴയിൽ  നാളെ മൂന്ന് കേന്ദ്രത്തിലുള്ള  രക്ഷാപ്രവർത്തനമാണ് നടത്തുന്നത്. ചാലിയാർ പുഴയുടെ 40 കി.മീ ഉള്ളിലുള്ള എട്ട് പൊലീസ് സ്റ്റേഷനുകൾ, സന്നദ്ധ പ്രവർത്തകർ, രക്ഷാദൗത്യത്തിൽ മുൻപരിചയമുള്ള ആളുകൾ എന്നിവരെ ഏകോപിപ്പിച്ചുള്ള രക്ഷാദൗത്യമാണ് നാളെ നടക്കുക. കോസ്റ്റ് ​ഗാർഡ്, നേവി, ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ എന്നിവർ സമാന്തരമായി പുഴയുടെ വശങ്ങളിൽ തിരച്ചിൽ നടത്തും. ഹെലികോപ്റ്റർ ഉപയോ​ഗിച്ചുള്ള രക്ഷാദൗത്യം നാളെയും തുടരും. ചാലിയാർ പുഴയിൽ നിന്നും പന്ത്രണ്ട് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.

ഇന്നത്തെ രക്ഷാദൗത്യത്തിന് ശേഷം മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോ​ഗം ചേർന്നിരുന്നു.ആർമി, പൊലീസ്, ഫയർ ഫോഴ്സ്, എൻഡിആർഎഫ്, കോസ്റ്റ് ​ഗാർഡ്, നേവി തുടങ്ങി രക്ഷാദൗത്യത്തിലുള്ള എല്ലാ സേന വിഭാ​ഗങ്ങളുടേയും മേധാവികളുമായുള്ള യോ​ഗവും ചേർന്നു. 1300ൽ അധികം സേനാവിഭാ​ഗങ്ങൾ ചേർന്നുള്ള രക്ഷാദൗത്യമാണ് വയനാട്ടിൽ നടക്കുന്നത്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, എ കെ ശശീന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top