24 November Sunday
സയൻസ് സ്ലാമിന് തുടക്കം

ജനമധ്യേ ശാസ്ത്രം പറഞ്ഞ് ​ഗവേഷകർ

സ്വന്തം ലേഖകൻUpdated: Sunday Nov 10, 2024

കളമശേരി
യുവഗവേഷകർ തങ്ങളുടെ ഗവേഷണ പരിപാടി പൊതുജനങ്ങൾക്കായി ലളിതവും രസകരവുമായി അവതരിപ്പിക്കുന്ന "സയൻസ് സ്ലാം' കൊച്ചി സർവകലാശാലയിൽ ആരംഭിച്ചു. സംസ്ഥാനത്ത് നാല് കേന്ദ്രങ്ങളിലായി നടക്കുന്ന മേഖലാ സയൻസ് സ്ലാമാണ് കുസാറ്റിൽ ആരംഭിച്ചത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയും കുസാറ്റ് ശാസ്ത്രസമൂഹകേന്ദ്രവും ചേർന്ന് കുസാറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ 25 ഗവേഷകർ വിഷയം അവതരിപ്പിച്ചു.


72 കോളേജ്, സർവകലാശാല വിദ്യാർഥികൾ, 30 അധ്യാപകർ, 23 ഗവേഷകർ, 13 സ്കൂൾ വിദ്യാർഥികൾ, 121 മറ്റുള്ളവരും പ്രേക്ഷകരായി പങ്കെടുത്തു. കലിക്കറ്റ് സർവകലാശാല മുന്‍ വൈസ് ചാൻസലർ പ്രൊഫ. എം കെ ജയരാജ്, പ്രൊഫ. അനൂപ് ഗോപിനാഥ്, ഡോ. കെ എസ് സുനീഷ്, ഡോ. ജയശ്രീ സുബ്രഹ്മണ്യൻ ഡോ. പ്രസാദ് അലക്സ്, ഡോ. പി എം സിദ്ധാർഥൻ എന്നീ വിദഗ്ധരും പ്രേക്ഷകരും ചേർന്ന് വിജയികളെ തെരഞ്ഞെടുത്തു.


തിരുവനന്തപുരത്ത് 16നും 23ന് കോഴിക്കോടും 30ന് കണ്ണൂരുമായി മേഖലാ സയൻസ് സ്ലാം നടക്കും. നാലിടത്തുനിന്നും തെരഞ്ഞെടുക്കുന്നവർ പാലക്കാട് ഐഐടിയിൽ ഡിസംബർ 14ന് ചേരുന്ന ഫൈനൽ സയൻസ് സ്ലാമിൽ വിഷയാവതരണം നടത്തും.


കുസാറ്റിൽനിന്ന് സംസ്ഥാന ഫൈനൽ സ്ലാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍: കീർത്തി വിജയൻ (വിഷയം അധിനിവേശത്തി​ന്റെ ജനിതക പാഠം; ഒരു ഒച്ചി​ന്റെ കഥ. കാർഷിക സർവകലാശാല),  ആദിത്യ സാൽബി (കാൻസർ ചികിത്സയ്ക്ക് നാനോ ഗോൾഡ് മെറ്റീരിയലുകൾ: കുസാറ്റ്), വി കെ കുട്ടിമാളു (നമ്മുടെ കൂട്ടുകെട്ടുകളുടെ ഒരു ഗ്രാഫ് കളിച്ചാലോ: ഐഐടി പാലക്കാട്), ഡോ. രേഷ്മ ടി എസ് (ഭക്ഷ്യസുരക്ഷയിലേക്ക് ഒരു പരിസ്ഥിതിസൗഹൃദ ബദൽ: എസ്ഡി കോളേജ് ആലപ്പുഴ), എ കെ ശിവദാസൻ (മൈക്രോസ്കോപ്പിന്റെ ശേഷിക്ക് അപ്പുറത്തുള്ള നാനോ പദാർഥങ്ങളുടെ ഇമേജിങ്: തൃശൂർ സി മെറ്റ്), സജിത സിറിൾ (പുരയിട കൃഷി - കാർബൺ സംഭരണത്തിന്: കാർഷിക സർവകലാശാല).

 

ശാസ്ത്രകൗതുകത്തിനൊപ്പം കാണികള്‍ക്ക് 
ചോദ്യങ്ങളും അനവധി
 

കളമശേരി
ഫെയ്സ് വാഷ്, ടൂത്ത്പേസ്റ്റ്  ഉൾപ്പെടെ 45ഓളം ഇനങ്ങളിൽ പ്ലാസ്റ്റിക് തരികളുണ്ടെന്നാണ് പ്രിയ കെ അലക്സ് നടത്തിയ ഗവേഷണം കണ്ടെത്തിയത്. രക്തം, കരൾ, വൃക്ക, തലച്ചോറ്‌ എന്നിവയിലൊക്കെ ഈ പ്ലാസ്റ്റിക് എത്തുമെന്നറിഞ്ഞപ്പോൾ സദസ്സ്‌ നടുങ്ങി. കുസാറ്റിൽ നടന്ന സയൻസ് സ്ലാമിൽ ഗവേഷകർ തങ്ങളുടെ പഠനങ്ങൾ അവതരിപ്പിച്ചപ്പോള്‍ കാണികള്‍ക്ക് ചോദിക്കാന്‍ ചോദ്യങ്ങളും നിരവധിയായിരുന്നു.


ശബ്ദതരംഗമുപയോഗിച്ച് സമുദ്രത്തിന്റെ അടിത്തട്ടിലെ ചിത്രമെടുക്കുന്ന സാങ്കേതികവിദ്യ, ആഫ്രിക്കൻ ഒച്ച് നമ്മുടെ നാട്ടിൽ എത്തിയ വഴി, സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്താനുള്ള ശ്രമം, ക്യാൻസറിന് നാനോ ഗോൾഡ് കണികകളെ ഡെലിവറി ബോയ്സാക്കി ഉപയോഗിച്ചുള്ള ചികിത്സാരീതി, ബാറ്ററികളുടെ ഊർജക്ഷമത വർധിപ്പിക്കൽ, ഹൃദയാരോഗ്യത്തിന് നൂതന സാങ്കേതികവിദ്യ, പുരയിട കൃഷിയിലൂടെ കാർബൺ സംഭരണം, നേത്രസംരക്ഷണത്തിൽ എഐ അസിസ്റ്റ​ന്റ്, പായൽ ജീവാവശിഷ്ടത്തിന്റെ പുനരുപയോഗം, വൈദ്യുതി നിർമിക്കുന്ന പരവതാനി, വസ്ത്രത്തിന്റെ ഭാഗമാകുന്ന കുഞ്ഞൻ ജനറേറ്ററുകൾ, വിഷാദരോഗവും സൂക്ഷ്മജീവികളും, ആസ്ട്രോബയോളജി തുടങ്ങി 25 വിഷയങ്ങളാണ് സ്ലാമിൽ അവതരിപ്പിച്ചത്.


ഓരോ സ്ഥാപനവും സയൻസ് സ്ലാമിനെ മാതൃകയാക്കി തങ്ങളുടെ ഗവേഷണഫലങ്ങൾ നികുതിദായകരായ പൊതുജനങ്ങൾക്കുമുമ്പാകെ അവതരിപ്പിക്കണമെന്ന അഭിപ്രായം കാണികളിൽനിന്ന് ഉയർന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top