22 November Friday

ഉത്തരവാദിത്വ ടൂറിസം അന്താരാഷ്ട്ര വനിതാ സമ്മേളനം മൂന്നാറിൽ ; നവംബര്‍ 30ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024


തിരുവനന്തപുരം
ടൂറിസം മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ  ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി അന്താരാഷ്ട്ര വനിതാ സമ്മേളനം സംഘടിപ്പിക്കുന്നു. യുഎൻ വിമനിന്റെ പങ്കാളിത്തത്തോടെയുള്ള ഗ്ലോബൽ വിമൻ കോൺഫറൻസ് ഓൺ റെസ്പോൺസിബിൾ ആൻഡ് ജെൻഡർ ഇൻക്ലൂസീവ് ടൂറിസം നവംബർ 30, ഡിസംബർ 1, 2 തീയതികളിൽ മൂന്നാറിൽ നടക്കും.

കേരളത്തിലെ സ്ത്രീസൗഹാർദ്ദ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സംഘടനകൾ, സ്ഥാപനങ്ങൾ, പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ്മ സൃഷ്ടിക്കുക, പരസ്പര സഹകരണത്തോടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുക, ഈ മേഖലയിലുള്ള മാതൃകകൾ ആഗോളതലത്തിൽ അവതരിപ്പിക്കുക, അനുയോജ്യമായ മാതൃകകളും ആശയങ്ങളും ഉൾക്കൊള്ളുക എന്നിവയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

ഇന്ത്യയിൽ ആദ്യമായി സ്ത്രീസൗഹാർദ്ദ ടൂറിസം പദ്ധതി നടപ്പാക്കിയ സംസ്ഥാനമാണ്‌ കേരളം. യുഎൻ വിമൻ- ഇന്ത്യയുടെ സാങ്കേതിക സഹകരണത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. ഡെസ്റ്റിനേഷൻ സേഫ്റ്റി സ്റ്റഡി, ജെൻഡർ ഓഡിറ്റ്, പരിശീലന പരിപാടികൾ തുടങ്ങിയവയ്ക്കാണ് യുഎൻ വിമനിന്റെ സഹകരണം ലഭ്യമാക്കുന്നത്. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ ടൂറിസം മേഖല കൈവരിച്ച നേട്ടങ്ങളും സ്ത്രീസൗഹൃദ ടൂറിസം പ്രവർത്തനങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും.

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിൽ തൊഴിലവസരങ്ങളിൽ ഉൾപ്പെടെ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാരത്തിലൂടെയുള്ള സ്ത്രീശാക്തീകരണമാണ് വനിതാ സൗഹാർദ്ദ ടൂറിസം പദ്ധതി സാധ്യമാക്കുന്നത്. സ്ത്രീകൾ ഒറ്റയ്ക്കും കൂട്ടായും യാത്രകൾ നടത്തുന്ന പ്രവണത വർധിച്ചിട്ടുണ്ട്. ഇതിന് പ്രോത്സാഹനം നൽകാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top