22 December Sunday

ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ അദാലത്തുകൾ സംഘടിപ്പിക്കും: മന്ത്രി കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

എറണാകുളം> സംസ്ഥാനത്തെ വിവിധ റവന്യു ഡിവിഷണൽ ഓഫീസുകളിലും ഡെപ്യൂട്ടി കലക്ടർ ഓഫീസുകളിലുമുള്ള  ഭൂമി തരംമാറ്റ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കുന്നതിന് അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. 25 സെന്റുവരെയുള്ള ഭൂമിയാണ്‌ തരംമാറ്റാനാവുക.  എറണാകുളത്ത് നടക്കുന്ന ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.

റവന്യൂ മന്ത്രിയുടെ മേൽനോട്ടത്തിൽ ഓരോ ജില്ലയിലെയും കലക്ടർമാരായിരിക്കും അദാലത്തുകൾ സംഘടിപ്പിക്കുക. ഓരോ താലൂക്കിന്റെയും പരിധിയിൽ വരുന്ന അപേക്ഷകൾ നിശ്ചിത ദിവസങ്ങളിൽ നടക്കുന്ന അദാലത്തിൽ പരിഗണിക്കും. നിലവിൽ 2,83,097 അപേക്ഷകളാണ് കുടിശികയായുള്ളത്.

സംസ്ഥാനത്ത് തരംമാറ്റ അപേക്ഷകളുടെ  വർദ്ധന കണക്കിലെടുത്താണ് 27 റവന്യു ഡിവിഷണൽ  ഓഫീസർമാർക്കുണ്ടായിരുന്ന തരംമാറ്റത്തിനുള്ള അധികാരം ഡെപ്യുട്ടി കലക്ടർമാർക്കു കൂടി നൽകി നിയമ ഭേദഗതി വരുത്തിയതെന്നു മന്ത്രി പറഞ്ഞു. നിലവിൽ 71 ഓഫീസുകളിലാണ് തരമാറ്റ അപേക്ഷകൾ കൈകാര്യം ചെയ്തു വരുന്നത്.  സംസ്ഥാനത്ത് ഏറ്റവും കുടുതൽ അപേക്ഷകൾ കുടിശികയായത് എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചി, മൂവാറ്റുപുഴ റവന്യു ഡിവിഷണൽ ഓഫീസുകളിലായിരുന്നു. ഇപ്പോൾ ജില്ലയിൽ രണ്ടു റവന്യൂ ഡിവിഷനുകൾക്ക് പുറമെ അധികമായി നാല് ഡെപ്യുട്ടി കലക്ടർമാർക്കു കൂടി ചുമതല നൽകിയിട്ടുണ്ട്.

റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ജില്ലാ കളക്ടർമാരുടെ യോഗത്തിൽ ലാൻഡ് റവന്യു കമ്മിഷണർ ഡോ എ കൗശിഗൻ, ജോയിന്റ്‌ കമ്മീഷണർ എ ഗീത,   സർവെ ഡയറക്ടർ സിറാം സാംബശിവ റാവു, റവന്യു അഡിഷണൽ സെക്രട്ടറി ഷീബ ജോർജ്, ജില്ലാ കലക്ടർമാർ, അസിസ്റ്റന്റ്‌ കമ്മീഷണർമാർ തുടങ്ങിയവർ പങ്കെടുത്തു.

പട്ടയ സംബന്ധമായ വിഷയങ്ങൾ, ഭൂമി തരംമാറ്റ പുരോഗതി, വിഷൻ ആൻഡ് മിഷൻ  പുരോഗതി അവലോകനം, നൂറുദിന പരിപാടി, ഓൺലൈൻ പോക്കുവരവ്, സർക്കാർ ഭൂമി സംരക്ഷണം, മണൽ ഖനനം, ഡിജിറ്റൽ സർവെ പുരോഗതി തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ  അവലോകനം ചെയ്തു. .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top