തിരുവനന്തപുരം > മാജിക്കും മ്യൂസിക്കും ഡാൻസുമെല്ലാം ചേർത്തൊരു മെഗാഷോയ്ക്കായി ഭിന്നശേഷിക്കാരുടെ റിഥം ഒരുങ്ങുന്നു. 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കായി സംഘടിപ്പിച്ച ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് സ്ക്രീനിങ്ങിലൂടെയാണ് താരങ്ങളെ സാമൂഹ്യനീതി വകുപ്പ് കണ്ടെത്തിയത്. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള കേരള സാമൂഹ്യസുരക്ഷാ മിഷനും (കെഎസ്എസ്എം) കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ ഡിസ്ക്) ചേർന്നാണ് സ്ക്രീനിങ് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ ഭിന്നശേഷി കലാകാരന്മാരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് വരുമാനം കണ്ടെത്തുകയുമാണ് ലക്ഷ്യം.
പാട്ട്, ഡാൻസ്, ഇൻസ്‌ട്രുമെന്റൽ മ്യൂസിക്, മിമിക്രി എന്നിവയിൽ രണ്ട് ഘട്ടങ്ങളിൽ നടത്തിയ സ്ക്രീനിങ്ങിലൂടെയാണ് 30 പേരടങ്ങുന്ന ടീമിനെ രൂപീകരിച്ചത്. കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിലെ വിഷയവിദഗ്ധരാണ് പ്രതിഭകളെ തെരഞ്ഞെടുത്തത്. സിനിമാറ്റിക് ഡാൻസ്, സെമിക്ലാസിക്കൽ ഡാൻസ്, സ്കിറ്റ്, പാട്ട് എന്നിവയാണ് റിഥം ഷോയിൽ അവതരിപ്പിക്കുന്നത്. സർക്കാരിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള അവസരവും സാമൂഹ്യനീതി വകുപ്പ് ഒരുക്കിനൽകും. ട്രൂപ്പിലെ അംഗങ്ങൾക്ക് കൃത്യമായ പരിശീലനത്തിനുള്ള നടപടികളും സർക്കാർതലത്തിൽ നടപ്പാക്കാനാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് നടത്തുന്ന അനുയാത്ര പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന റിഥം 23ന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ലുലു മാളിലാണ് റിഥത്തിന്റെ ആദ്യ ഇവന്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..