തിരുവനന്തപുരം > ഭിന്നശേഷി കലാപ്രതിഭകളുടെ ആർട്ട് ഗ്രൂപ്പായ അനുയാത്ര റിഥം പദ്ധതിക്ക് തുടക്കം. തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ മന്ത്രി ആർ ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷം മന്ത്രി കലാകാരൻമാർക്കൊപ്പം ചുവടുവച്ചത് കൗതുകമായി. കറുകറെ കാർമുകിൽ എന്ന പാട്ടിനാണ് മന്ത്രി ചുവടുവച്ചത്. നർത്തകി മേതിൽ ദേവികയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഗർഭാവസ്ഥമുതൽ ഭിന്നശേഷി വ്യക്തികളെ സഹായിക്കുന്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികൾ കേരളം നടപ്പാക്കി. ഭിന്നശേഷി അവസ്ഥകൾ മുൻകൂട്ടി തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും ഇന്റർവെൻഷൻ സെന്ററുകളും ഡിറ്റക്ഷൻ സെന്ററുകളും സംസ്ഥാനത്ത് ആരംഭിച്ചു. സ്വയംപര്യാപ്ത ജീവിതത്തിന് വരുമാനദായക തൊഴിലുകളിലേക്ക് ഭിന്നശേഷി വ്യക്തികളെ നയിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. സർക്കാരിന്റെ നാലാം നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കലാപ്രതിഭകളുടെ കീഴിലാണ് ആർട്ട് ഗ്രൂപ്പായ അനുയാത്ര റിഥം ആരംഭിച്ചത്.
കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും ചേർന്ന് രണ്ടുഘട്ടമായി നടപ്പാക്കിയ ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് പദ്ധതിയിലൂടെയാണ് കലാപ്രതിഭകളെ കണ്ടെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..