കോന്നി > സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ(എൻഎഫ്എസ്എ) കോന്നി ഗോഡൗണിൽ നിന്നും 940 ക്വിന്റൽ റേഷനരിയും ഗോതമ്പും കാണാതായ സംഭവത്തിൽ സപ്ലൈകോ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഒരു ജീവനക്കാരനെ കൂടി സസ്‌പെൻഡ് ചെയ്തു. ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ അസിസ്‌റ്റന്റ് സെയിൽസ്‌മാൻ ജയദേവിനെയാണ് ഇപ്പോൾ നടപടികളുടെ ഭാഗമായി സസ്‌പെൻഡ് ചെയ്‌തത്. സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജർ ദിലീപ് കുമാറാണ് കോന്നി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി ശ്രീജിത്തിന് കേസന്വേഷണമാവശ്യപ്പെട്ട് പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡിപ്പോ ഓഫീസർ ഇൻ ചാർജ് അനിൽകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. അനിൽകുമാറും ജയദേവും പ്രധാന പ്രതികളായാണ് കേസ്.
വിജിലൻസ് അന്വേഷണം നടന്നെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും കടത്തിയ അരിയോ വാഹനമോ കണ്ടെത്താനായില്ല. കോന്നി ഗോഡൗണിൽ നിന്നും രാത്രി നിരവധി ലോഡ് പുഴുക്കലരിയും പച്ചരിയും കടത്തിയതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോർപ്പറേഷന്റെ വിജിലൻസ് സംഘവും സപ്ലൈകോയുടെ വിജിലൻസ് വിഭാഗവും പരിശോധന നടത്തിയിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാനേജിങ് ഡയറക്ടർ പ്രാഥമിക നടപടി സ്വീകരിച്ചത്. നഷ്ടപ്പെട്ട അരി, പച്ചരി എന്നിവയ്ക്ക് 40 രൂപയും ഗോതമ്പിന് 29 രൂപയും പ്രകാരം കാണാതായ ലോഡിന് 40 ലക്ഷത്തിലധികം രൂപയാണ് കണക്കാക്കുന്നത്. സംസ്ഥാന ഫുഡ് കമീഷണർ അഡ്വ. സബിതാ ബീഗവും അംഗങ്ങളും കഴിഞ്ഞയാഴ്ച കോന്നി ഗോഡൗണിലെത്തി വിവരം ശേഖരിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..