തലശേരി > വ്യാജവാറ്റ് തടഞ്ഞ വിരോധത്തിൽ മകനെ കുത്തിക്കൊന്ന അച്ഛന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പ്ലസ്‌ടു വിദ്യാർഥി പയ്യാവൂർ ഉപ്പുപടന്നയിൽ തേരകത്തനാടിയിൽ വീട്ടിൽ ഷാരോണി(19)നെ കുത്തിക്കൊന്ന സജി ജോർജിനെ (52)യാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് (ഒന്ന്) ജഡ്‌ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവനുഭവിക്കണം. പിഴയടച്ചാൽ കൊല്ലപ്പെട്ട ഷാരോണിന്റെ അമ്മയ്‌ക്ക് നൽകണം. പ്രതിയുടെ മോട്ടോർ സൈക്കിൾ വിൽപന നടത്തി തുക കുടുംബത്തിന് നൽകണം. കൊല്ലപ്പെട്ട ഷാരോണിന്റെ കുടുംബത്തിന് ഇരക്കുള്ള നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി നിർദേശിച്ചു.
ക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നും ഒരു വിധത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്നും തിങ്കളാഴ്‌ച രാവിലെ കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂട്ടർ കെ അജിത്‌കുമാർ വാദിച്ചു. ഒരച്ഛൻ മറ്റൊരു മകന്റെ മുന്നിൽ നടത്തിയ നിഷ്‌ഠൂര കൊലപാതകമാണിത്. അച്ഛൻ എന്ന നിലയിലുള്ള ഒരു പരിഗണനയും നൽകരുതെന്നും ബോധിപ്പിച്ചു. പകൽ 3.30യോടെയാണ് വിധി പറഞ്ഞത്. ജുഡീഷ്യൽ കസ്‌റ്റഡിയിലാണ് പ്രതി വിചാരണ നേരിട്ടത്. ജയിലിൽ കിടന്ന കാലയളവും ശിക്ഷയായി കണക്കാക്കും. 2020 ആഗസ്‌ത് 15ന് വൈകിട്ട് 5.30നാണ് സംഭവം. ഡൈനിങ് ഹാളിലിരുന്ന് മകൻ മൊബൈലിൽ നോക്കുന്നതിനിടെ കത്തികൊണ്ട് പിന്നിൽനിന്ന് കുത്തിക്കൊല്ലുകയായിരുന്നു. ഇളയമകൻ ഷാർലറ്റിന്റെയും പ്രതിയുടെ കൂട്ടുകാരന്റെയും മുന്നിൽവച്ചായിരുന്നു കൊലപാതകം.
അച്ഛൻ വീട്ടിൽ ചാരായം വാറ്റുന്നത് സംഭവത്തിന്റെ തലേദിവസം മകൻ തടഞ്ഞിരുന്നു. ഇതിന്റെപേരിൽ വാക്‌തർക്കവും കൈയാങ്കളിയുമുണ്ടാകുകയും പ്രതിക്ക് ഇടതുകണ്ണിന്റെ പുരികത്തിന് മുറിവേൽക്കുകയുംചെയ്‌തു. ഇതിന്റെ വിരോധത്തിൽ മകനെ കുത്തിക്കൊന്നുവെന്നാണ് കേസ്. ദൃക്‌സാക്ഷികളായ അനുജൻ ഷാർലറ്റ്, എ സി സജി ഉൾപ്പെടെ 31 സാക്ഷികളെ പ്രോസിക്യൂഷനും ഒരു സാക്ഷിയെ പ്രതിഭാഗവും വിസ്‌തരിച്ചു. 43 രേഖകളും 7 തൊണ്ടിമുതലുകളും പരിശോധിച്ചു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ.പ്ലീഡർ കെ അജിത്ത്കുമാർ, മുൻ അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ കെ പി ബിനീഷ എന്നിവർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..