26 October Saturday

സ്വകാര്യ ഡെലിവറി കമ്പനികൾക്ക്‌ സഹായം ; സംസ്ഥാനത്ത് 12 ആർഎംഎസ്‌ ഓഫീസ്‌ പൂട്ടാൻ കേന്ദ്രനിർദേശം

അശ്വതി ജയശ്രീUpdated: Saturday Oct 26, 2024


തിരുവനന്തപുരം
രാജ്യത്ത്‌ സ്വകാര്യ ഡെലിവറി കമ്പനികൾ തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുമ്പോൾ തപാൽവകുപ്പിന്റെ ആർഎംഎസ്‌ (റെയിൽ മെയിൽ സർവീസ്‌) ഓഫീസുകൾ പൂട്ടാനൊരുങ്ങി കേന്ദ്ര സർക്കാർ. തപാൽവകുപ്പ്‌ 150–-ാം വാർഷികം ആഘോഷിക്കുമ്പോഴാണ്‌ കുത്തകകൾക്ക്‌ സഹായകരമാകുന്ന കേന്ദ്രനടപടി.
രാജ്യത്തെ ആർഎംഎസ്‌ ഓഫീസുകളെ ലെവൽ 1, 2 എന്ന്‌ തരംതിരിച്ച്‌ തുടങ്ങിയതാണ്‌ അടച്ചുപൂട്ടൽ നടപടി. കേരളത്തിലെ 12 ആർഎംഎസ്‌ കേന്ദ്രം അടച്ചുപൂട്ടണമെന്നാണ്‌ കേന്ദ്രനിർദേശം. കായംകുളം, ആലപ്പുഴ, ചങ്ങനാശേരി, ആലുവ, തൊടുപുഴ, ഇരിങ്ങാലക്കുട, ഷൊർണൂർ, ഒറ്റപ്പാലം, തിരൂർ, വടകര, തലശേരി, കാസർകോട്‌ എന്നീ കേന്ദ്രങ്ങളാണ്‌ ഡിസംബർ ഏഴോടെ ഇല്ലാതാകുക. സ്‌പീഡ് പോസ്റ്റ് ഉരുപ്പടികൾമാത്രം കൈകാര്യം ചെയ്യാൻ പ്രത്യേക ഹബ്ബുകൾ കൊണ്ടുവന്നതോടെ ഈ കേന്ദ്രങ്ങളിൽ ഇവ വരാതായി. ഇതിനു പിന്നാലെ പാഴ്‌സൽ നെറ്റ്‌വർക്ക് ഒപ്റ്റിമൈസേഷൻ പദ്ധതി (പിഎൻഒപി) നടപ്പാക്കി പ്രത്യേക ഹബ്ബുകളും കൊണ്ടുവന്നു. അതോടെ പാഴ്‌സൽ കൈകാര്യം ചെയ്യുക എന്ന ജോലിയും 12 ഓഫീസിൽനിന്ന് ഹബ്ബുകളിലേക്ക് മാറപ്പെട്ടു. ഒടുവിൽ ഈ ആർഎംഎസ്‌ കേന്ദ്രങ്ങളിൽ എത്തുന്നത്‌ രജിസ്‌റ്റേർഡ്‌ തപാൽ ഉരുപ്പടികളും കത്തുകളും മാസികകളും മാത്രമായി. ഏറ്റവും ഒടുവിൽ രജിസ്‌റ്റേർഡ് കത്തുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രങ്ങളെ സ്‌പീഡ് പോസ്റ്റ് ഹബ്ബുകളിലേക്ക് ലയിപ്പിക്കാനാണ്‌ തീരുമാനമായത്‌. പൂട്ടുന്ന സ്ഥാപനങ്ങളെ അടുത്തുള്ള തപാൽ ഓഫീസിനൊപ്പം ലയിപ്പിക്കും. ഡിസംബർ ഏഴോടെ നടപടി പൂർത്തിയാക്കാനാണ്‌ 17ന്‌ ഇറങ്ങിയ തപാൽ ഡയറക്ട‌റേറ്റ് ഉത്തരവിലെ നിർദേശം. രാജ്യത്താകെ 216 ആർഎംഎസ്‌ ഓഫീസാണ്‌ അടച്ചുപൂട്ടുക.

പുതിയ ഉത്തരവ് നടപ്പാകുന്നതോടെ ആർഎംഎസ്‌ ഓഫീസുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന സോർട്ടിങ് ഹബ്ബുകളിലെ കരാർ ജീവനക്കാർക്കെല്ലാം ജോലി നഷ്ടമാകും. സ്ഥിരജീവനക്കാരെ മറ്റു കേന്ദ്രങ്ങളിലേക്ക്‌ സ്ഥലംമാറ്റും. ഭാവിയിൽ ആർഎംഎസ് മേഖലയിൽ നിയമനങ്ങൾ ഇല്ലാതാകും. കേരളത്തിൽമാത്രം ഏകദേശം 2000 ജീവനക്കാരെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നതാണിത്‌. പോസ്റ്റ് ഓഫീസ് നിയമം 2023 പാസാക്കി കേന്ദ്ര തപാൽവകുപ്പിന് മാത്രമായിരുന്ന തപാൽ വിനിമയ അധികാരം സ്വകാര്യ കമ്പനികൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്‌ കേന്ദ്രസർക്കാർ.

സ്വകാര്യവൽക്കരണ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാർ നിലവിൽ പ്രക്ഷോഭത്തിലാണ്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ അടച്ച് പൂട്ടാനും  ജനങ്ങൾക്ക്‌ കിട്ടേണ്ട സേവനങ്ങൾ ഇല്ലാതാക്കുന്നതിനും എതിരെ പൊതുസമൂഹം കൂടി രംഗത്തിറങ്ങണമെന്ന്‌ ഓൾ ഇന്ത്യ ആർഎംഎസ്‌ ആൻഡ്‌ എംഎംഎസ്‌ എംപ്ലോയീസ്‌ യൂണിയൻ  ഗ്രൂപ്പ്‌ സി, ഓൾ ഇന്ത്യ ആർഎംഎസ്‌ ആൻഡ്‌ എംഎംഎസ്‌ എംപ്ലോയീസ്‌ യൂണിയൻ  എംജി ആൻഡ്‌ എംടിഎസ്‌ ഗ്രൂപ്പ്‌ സി കേരള സർക്കിൾ  പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top