കൊച്ചി
റോഡപകടങ്ങൾ സംഭവിക്കുന്നതല്ല, സംഭവിപ്പിക്കുന്നതാണെന്ന് ഹെെക്കോടതി. ഒരുനിമിഷത്തെ അശ്രദ്ധ ജീവിതം ശോകമയമാക്കും. അപകടമരണങ്ങൾ കേവലം കണക്കുകളല്ലെന്നും ആരുടെയെങ്കിലുമെല്ലാം ഉറ്റവരാണെന്നും കോടതി ഓർമിപ്പിച്ചു.
തൃശൂർ നാട്ടികയിൽ ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന അഞ്ചുപേർ തടിലോറി പാഞ്ഞുകയറി മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ജാമ്യാപേക്ഷ തള്ളിയാണ് കോടതിയുടെ നിരീക്ഷണം. രണ്ടാംപ്രതി കണ്ണൂർ തളിപ്പറമ്പ് ചാമക്കാലായിൽ സി ജെ ജോസിന്റെ ജാമ്യഹർജി തള്ളി ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണനാണ് ഉത്തരവായത്. കേസിൽ വലപ്പാട് പൊലീസിന്റെ അന്വേഷണം ഒരുമാസത്തിനകവും കോടതിവിചാരണ മൂന്നുമാസത്തിനകവും പൂർത്തിയാക്കണമെന്നും ഉത്തരവിട്ടു.
ഡ്രൈവറും ഒന്നാംപ്രതി ക്ലീനർ അലക്സും മദ്യപിച്ച് ലക്കുകെട്ട സാഹചര്യത്തിലാണ് അപകടമുണ്ടായത്. ഡ്രൈവർ അമിതലഹരിയിലായിരുന്നതിനാൽ ഒന്നാംപ്രതി അലക്സാണ് വാഹനമോടിച്ചത്. ഇയാൾക്ക് ലൈസൻസുമുണ്ടായിരുന്നില്ല–- കോടതി പറഞ്ഞു.
ഇന്ത്യയിൽ വർഷം ലക്ഷത്തിലധികം പേർ മരിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട അന്താരാഷ്ട്ര യോഗങ്ങളിൽ മുഖം മറച്ചിരിക്കേണ്ട സ്ഥിതിയാണെന്നുമുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പാർലമെന്റിലെ പ്രസ്താവനയും ഉത്തരവിൽ പരാമശിച്ചു.അപകടമരണങ്ങളായതിനാൽ ഹർജിക്കാരനെതിരേ നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്ന് അഭിഭാഷകൻ വാദിച്ചു. എന്നാൽ, സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ വാദം തള്ളി. റോഡ് സുരക്ഷ ഏവരുടെയും ഉത്തരവാദിത്വമാണ്. സുരക്ഷിത ഡ്രൈവിങ് മറ്റുള്ളവരുടെ ജീവനെയും രക്ഷിക്കുന്നു. അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അന്വേഷണ ഏജൻസികളും ജുഡീഷ്യറിയും ജാഗ്രത കാട്ടണം. റോഡപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ സമൂഹത്തിന് സന്ദേശമാകാനാണ് ഈ നിർദേശങ്ങളെന്നും ഹൈക്കോടതി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..