17 December Tuesday

പൊന്നുമോൾ പുഞ്ചിരിക്കുന്നതും കാത്ത്‌...

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2024

വാഹനാപകടത്തിൽ പരിക്കേറ്റു കോമയിലായ ദൃഷാനയ്ക്ക് അമ്മ സ്മിത ട്യൂബിലൂടെ ഭക്ഷണം നൽകുന്നു. അപകടത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുജത്തി ദൃഷ്‌ണവാര സമീപം / ഫോട്ടോ: വി കെ അഭിജിത്

നിരത്തുകളിൽ 
ചോരമണം പടരുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം റോഡുകൾ  മികച്ചതായിട്ടും അപകടക്കണക്ക് പെരുകുമ്പോൾ ഒന്നുറപ്പ്, തെറ്റ് റോഡിന് മാത്രമല്ല. അശ്രദ്ധ, അമിതവേഗം,  ആവേശം, കാലപ്പഴക്കം തുടങ്ങി ഉറക്കവും മാനസിക സമ്മർദങ്ങളും സംഘർഷങ്ങളുംവരെ കാരണങ്ങളായുണ്ട്. 
വാഹനയാത്രക്കാർ മാത്രമല്ല, കാൽനടയാത്രക്കാർ പോലും അപകടത്തിനിരയാകുമ്പോൾ  നമ്മുടെ ഡ്രൈവിങ് സംസ്‌കാരം ഏറെ മാറേണ്ടതുണ്ട്, 
റോഡപകടങ്ങളെക്കുറിച്ച്‌ ദേശാഭിമാനി തയ്യാറാക്കിയ അന്വേഷണ 
പരമ്പര ഇന്നു 
മുതൽ വായിക്കാം–- വേണം ബ്രേക്ക്‌

തയ്യാറാക്കിയത്‌
കൊച്ചി ബ്യൂറോയിലെ സീനിയർ 
റിപ്പോർട്ടർ ശ്രീരാജ്‌ ഓണക്കൂർ, 
കോഴിക്കോട് ബ്യൂറോയിലെ 
റിപ്പോർട്ടർ ഹർഷാദ്‌ മാളിയേക്കൽ, 
തിരുവനന്തപുരം ബ്യൂറോയിലെ 
റിപ്പോർട്ടർ  എസ്‌ കിരൺബാബു

നൃത്തവേദികളിലും സൗഹൃദങ്ങളിലും വീട്ടിലും ക്ലാസ്‌മുറികളിലും പാറിപ്പറന്നൊരു വർണപട്ടമായിരുന്നു ദൃഷാന. ഒടുവിൽ റോഡിൽ പൊലിഞ്ഞു അവളുടെ കളിയും ചിരിയും. ഇന്നവൾ അബോധാവസ്ഥയിൽ. ഒരിക്കലെങ്കിലും അവൾ തങ്ങളെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ, പുഞ്ചിരിച്ചിരുന്നെങ്കിൽ... അച്ഛൻ  വി കെ സുധീറും അമ്മ എൻ കെ സ്‌മിതയും സഹോദരി ദൃഷ്‌ണവാരയും ഒമ്പതുമാസമായി ആ കാത്തിരിപ്പിലാണ്‌. 

ഫെബ്രുവരി 17ന്‌ അമ്മക്കും സഹോദരിക്കും മുത്തശ്ശി ബേബിക്കുമൊപ്പം വടകര ചോറോട്‌ റോഡ് മുറിച്ചുകടക്കവെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മുത്തശ്ശി അന്നുതന്നെ മരിച്ചു. സഹോദരി ദൃഷ്‌ണവാര തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു. തലയ്ക്ക് ഗുരുതര പരിക്കേറ്റ പത്തുവയസ്സുകാരിയായ ദൃഷാന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ   ഒമ്പത് മാസമായി ചികിത്സയിലാണ്‌. കണ്ണൂർ മേലെ ചൊവ്വ പാതിരിപ്പറമ്പ് സ്വദേശികളായ മാതാപിതാക്കൾ ചികിത്സാർഥം രണ്ടാഴ്ചയായി ആശുപത്രിക്ക് സമീപം  വാടകയ്‌ക്ക്‌ താമസിക്കുന്നു.  ഇടിച്ച്‌ കടന്നുകളഞ്ഞ വാഹനവും ഓടിച്ചയാളെയും ഒമ്പത് മാസത്തിന്‌ ശേഷം പൊലീസ് കണ്ടെത്തി.

ദൃഷാന ഒരു ഉദാഹരണം മാത്രമാണ്, ദിനംപ്രതി നെഞ്ചുലയ്‌ക്കുന്ന  നിരവധി അപകടങ്ങളിലെ ‘ജീവിച്ചിരിക്കുന്ന രക്തസാക്ഷി’കളിലൊരാൾ. പുനലൂർ –- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നവദമ്പതികൾ സഞ്ചരിച്ച കാർ  ബസ്സിലിടിച്ച് നാലുപേർ മരിച്ചത് കഴിഞ്ഞ ദിവസമാണ്. പാലക്കാട് മണ്ണാർക്കാട്ട്‌ ലോറി ദേഹത്തേക്ക് മറിഞ്ഞ് എട്ടാം ക്ലാസ് വിദ്യാർഥിനികളായ നാലുപേരുടെ ജീവൻ പൊലിഞ്ഞതും അടുത്തിടെ. തൃശൂർ നാട്ടികയിൽ തടിലോറി പാഞ്ഞുകയറി അഞ്ചുപേരാണ് ഉറക്കപ്പാതിയിൽ മരണത്തിലേക്ക്‌ മറഞ്ഞത്‌. ആലപ്പുഴ ദേശീയപാതയിൽ കളർകോട് ചങ്ങനാശേരി ജങ്ഷനിൽ കെഎസ്ആർടിസി ബസിൽ കാറിടിച്ച് ആറ് മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവവും കണ്ണീരോർമയാണ്‌. 

ഓർക്കുമ്പോൾ നെഞ്ചുപിടയുന്ന, കണ്ണുനനയുന്ന അപകടങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല.  മരണനിരക്കിലും ​ഗുരുതര ​പരിക്കേൽക്കുന്നവരുടെ എണ്ണത്തിലും ഏതു  മഹാമാരിയും റോഡ് അപകടങ്ങൾക്ക് പിന്നിലേ വരൂ... വാഹനാപകടങ്ങളുടെ എണ്ണത്തിൽ ലോകത്ത് ഇന്ത്യയാണ് മുന്നിൽ. രാജ്യത്ത് പ്രതിവർഷം 1.78 ലക്ഷം പേർ മരിക്കുന്നു എന്നാണ് കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ കണക്ക്.  ഓരോ മണിക്കൂറിലും നടക്കുന്നത് 53 അപകടങ്ങളും 18 മരണങ്ങളും. റോഡ് അപകടങ്ങളുടെ എണ്ണത്തിൽ നമ്മുടെ കേരളവും ഒട്ടും പിന്നിലല്ല. 

കാരണങ്ങൾ പലതാണ്. ഡ്രൈവർമാരുടെ അശ്രദ്ധ,  മദ്യപിച്ച് വാഹനമോടിക്കൽ, ഉറക്കം, ഡ്രൈവിങ്ങിലെ പരിചയക്കുറവ്, വാഹനങ്ങളുടെ കാലപ്പഴക്കവും അമിതഭാരവും, റോഡിലെ വെളിച്ചക്കുറവും വാഹനങ്ങളുടെ ഹൈ ബീം ലൈറ്റും, വാഹനപ്പെരുപ്പം, നടുറോഡിലെ റീൽസ് പിടിത്തം, ഗൂഗിൾമാപ്പ്.. എണ്ണിതീർക്കാനാകാത്തത്രയും കാരണങ്ങളിലേക്ക്.

(നായ മുതൽ റീൽസ്‌ വരെ നാളെ വായിക്കാം)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top