പന്തളം > കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ആനയടി -–- കൂടൽ റോഡിലെ കുരമ്പാല–-കീരുകുഴി റീച്ച് പൂർത്തിയാകുന്നു. ഈ ഭാഗം ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള ടാറിങ് ചെയ്ത് തിളങ്ങുകയാണ്. റോഡ് യാഥാർഥ്യമാകുമ്പോൾ മൂന്ന് ജില്ലകൾക്കും വികസനത്തിന്റെ അനന്ത സാധ്യതകൾ തുറന്ന് കിട്ടും. പദ്ധതിയ്ക്ക് കിഫ്ബി അംഗീകാരവും ഭരണാനുമതിയും ലഭിച്ചതോടെ യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ പൂർത്തീകരിച്ച് വരുന്നു. 163.26 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ആനയടിയിൽ ദേശീയപാതയിൽനിന്നും തുടങ്ങി പുനലൂർ –- -മൂവാറ്റുപുഴ റോഡുമായിട്ടാണ് ഈ പാത ചേരുന്നത്.
ആനയടി മുതൽ കൂടൽ വരെ 35 കിലോമീറ്റർ നീളവും 11 മീറ്റർ വീതിയും റോഡിനുണ്ടാകും. ഒരുവശത്ത് ഓടയും മറുവശത്ത് നടപ്പാതയുമായാണ് നിർമാണം. അമ്പതോളം കലുങ്കുകളും ചെറിയ പാലങ്ങളും റോഡിലുണ്ടാകും. പഴയത് പൊളിച്ചുമാറ്റുകയും വീതികുറവുള്ളത് വീതികൂട്ടുകയും ബലപ്പെടുത്തുകയും ചെയ്യുന്നു. കാലവർഷവും തുലാവർഷവും പണി തടസപ്പെടുത്തിയെങ്കിലും പണികൾ വേഗം പൂർത്തിയായി.
13 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. 42 കോടിയോളം രൂപ സ്ഥലം ഏറ്റെടുക്കാനാണ് നീക്കിവെച്ചത്. ആനയടിയിൽ നിന്നു തുടങ്ങി കെ പി റോഡിലൂടെ പഴകുളത്തും കുരമ്പാല വഴി എം സി റോഡിലും കീരുകുഴി വഴി തട്ടയിൽ വന്ന് അടൂർ-–- പത്തനംതിട്ട ദേശീയപാത 183എയിലും എത്തിച്ചേരും. ഇവിടെ നിന്ന് ചന്ദനപ്പള്ളി വഴിയാണ് കൂടലിലെത്തി പുനലൂർ –- -മൂവാറ്റുപുഴ റോഡുമായി ചേരുന്നത്. ഇതോടെ ശബരിമല തീർത്ഥാടന വികസനവും സാധ്യമാകും. ഗ്രാമീണ മേഖലയുടെ വികസനം സാധ്യമാകുന്ന റോഡാണിത്.
കുന്നത്തൂർ, മാവേലിക്കര, അടൂർ, കോന്നി നിയോജകമണ്ഡലങ്ങളിലൂടെ പാത കടന്നുപോകുന്നു. പന്തളം തെക്കേക്കര, കൊടുമൺ പഞ്ചായത്തുകളുടെയും പന്തളം നഗരസഭയുടെ തെക്ക് ഭാഗത്തിന്റെയും വികസനത്തിനുതകുന്നതാണ് പദ്ധതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..