കണ്ണൂർ> വളപട്ടണത്ത് 1.21 കോടി രൂപയും 267 പവനും കവർന്ന കേസിൽ അയൽവാസി പൊലീസ് കസ്റ്റഡിയിൽ. അഷ്റഫിൻ്റെ അയൽവാസി ലിജീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. കവർച്ച നടന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് ലിജീഷ്.
1.21 കോടി രൂപയും 267 പവനും ആണ് കെ പി അഷറഫിന്റെ വീട്ടിൽനിന്ന് കവർന്നത്. സ്വർണവും പണവും പൊലീസ് കണ്ടെടുത്തു സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വീടുമായി നല്ല പരിചയമുള്ളയാളാണ് കവർച്ച നടത്തിയതെന്ന നിഗമനത്തിൽ പൊലീസ് നേരത്തെ തന്നെ എത്തിയിരുന്നു.
നവംബർ 19ന് വീടു പൂട്ടി മധുരയിൽ വിവാഹത്തിന് പോയ വളപട്ടണം മന്നയിലെ അഷ്റഫും കുടുംബവും 24ന് തിരിച്ചെത്തിയപ്പോഴാണ് കവർച്ചാവിവരം അറിയുന്നത്. ലോക്കറിൽ സൂക്ഷിച്ച ഒരുകോടി രൂപയും 300 പവൻ സ്വർണവും മോഷണം പോയെന്നാണ് പരാതി നൽകിയത്.
വീടിന്റെ താഴത്തെ നിലയിലെ ജനൽ ഗ്രിൽസ് തകർത്ത് അകത്തുകയറിയ ലിജീഷ് ലോക്കർ തുറന്നാണ് പണവും സ്വർണാഭരണങ്ങളും എടുത്തത്. പണവും സ്വർണവും സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ മറ്റൊരും ഷെൽഫിൽവെച്ചശേഷം ഇതിന്റെ താക്കോൽ മറ്റൊരിടത്ത് വെച്ചാണ് അഷ്‌റഫും കുടുംബവും വീടുപൂട്ടിപ്പോയത്. ഈ താക്കോൽ എടുത്താണ് മോഷ്‌ടാവ് ലോക്കർ തുറന്നത്. 20നാണ് മോഷണം നടത്തിയത്.
ഒരാൾ മാത്രമാണ് അകത്തു കയറിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. അഷ്റഫിന്റെ നീക്കങ്ങൾ വ്യക്തമായി അറിയുന്നയാളാണ് കവർച്ച നടത്തിയതെന്ന് അന്വേഷണ സംഘം ആദ്യ ദിവസം തന്നെ സംശയിച്ചിരുന്നു.
വിരലടയാള പരിശോധനയിലാണ് അന്വേഷണസംഘത്തിന് നിർണായകമായ തെളിവു ലഭിച്ചത്. 76 വിരലടയാളങ്ങളാണ് പരിശോധിച്ചത്. കീച്ചേരിയിൽനിന്ന് പൊലീസ് ശേഖരിച്ച വിരലടയാളവും അഷ്‌റഫിന്റെ വീട്ടിൽനിന്ന് ലഭിച്ച വിരലടയാളവും ഒന്നാണെന്ന് വ്യക്തമായതോടെ പൊലീസ് സംശയിച്ചിരുന്ന ലീജീഷിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി ലീജീഷിനെ വിളിച്ചുവരുത്തിയ സംഘം വിരലടയാളം ഒന്നാണെന്ന് ഉറപ്പുവരുത്തി. വിശദമായ ചോദ്യം ചെയ്യലിൽ ലിജീഷ് കുറ്റം സമ്മതിക്കുകയായിരുന്നു.
വെൽഡിങ്ങ് തൊഴിലാളിയായ ഇയാൾ വീട്ടിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കിയിരുന്നു. ഇതിലാണ് മോഷ്‌ടിച്ച പണവും സ്വർണവും സൂക്ഷിച്ചത്. 1, 21,42,000 രൂപയും 267 പവൻ സ്വർണവുമാണ് ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തത്. കണ്ണൂർസിറ്റി എസിപി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിൽ നാല് ഇൻസ്‌പെക്ടർമാരടങ്ങുന്ന ഇരുപതംഗ സംഘമാണ് കേസന്വേഷിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..