05 November Tuesday

റോബോട്ടിക്‌സ്‌ മേഖല കുതിക്കും ; റോബോട്ടിക്‌സ്‌ അന്താരാഷ്‌ട്ര റൗണ്ട്‌ ടേബിൾ വൻ വിജയം

കെ പ്രഭാത്Updated: Saturday Aug 24, 2024


കൊച്ചി
കേരളത്തെ രാജ്യത്തിന്റെ റോബോട്ടിക്‌ ഹബ്ബാക്കാനുള്ള ലക്ഷ്യത്തോടെ കൊച്ചിയിൽ സംഘടിപ്പിച്ച റോബോട്ടിക്‌സ്‌ അന്താരാഷ്‌ട്ര റൗണ്ട്‌ ടേബിൾ വൻ വിജയമായി. ബോൾഗാട്ടി ഗ്രാൻഡ്‌ ഹയാത്തിൽ സംഘടിപ്പിച്ച സമ്മേളനം വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. നാല്‌ സെഷനുകളിലായി നടന്ന സമ്മേളനത്തിൽ റോബോട്ടിക്സ്‌ മേഖലയ്‌ക്ക്‌ കുതിപ്പേകുന്ന തീരുമാനങ്ങൾ പിറന്നു.

മികച്ച നൈപുണ്യശേഷിയുള്ളവരെ തിരിച്ചറിയുന്നതും ഉപയോക്താക്കളെ ബോധവൽക്കരിക്കുന്നതുമാണ് റോബോട്ടിക് സ്റ്റാർട്ടപ് മേഖല പ്രാഥമികഘട്ടത്തിൽ നേരിടുന്ന വെല്ലുവിളിയെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ‘ഇന്നൊവേറ്റിങ് ഫ്യുച്ചർ -കേരളത്തിലെ റോബോട്ടിക്സ് മേഖലയിലെ മാർഗദർശികളും മുന്നോട്ടുവയ്ക്കുന്ന അത്യാധുനിക പരിഹാരങ്ങളും' സെഷനിലാണ് ഈ അഭിപ്രായമുയർന്നത്. അർമഡ എഐ വൈസ് പ്രസിഡന്റ് പ്രാഗ് മിശ്ര, അൻവി സ്‌പേസ്‌ കോ–-ഫൗണ്ടർ എസ്‌ വിവേക്‌ ബൊല്ലം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ആക്സെഞ്ച്വർ ഇൻഡസ്ട്രിയൽ എഐ എംഡി ഡെറിക് ജോസ് സംസാരിച്ചു. ജനുവരിയിൽ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിക്കുമുന്നോടിയായി വ്യത്യസ്ത മേഖലകൾ പ്രത്യേകമെടുത്ത് നടത്തുന്ന സമ്മേളനങ്ങളിൽ രണ്ടാമത്തേതായിരുന്നു റോബോട്ടിക്‌സ്‌ റൗണ്ട്‌ ടേബിൾ.  

ഉദ്‌ഘാടനച്ചടങ്ങിൽ വ്യവസായവകുപ്പ്‌ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ്‌ അധ്യക്ഷനായി. കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, ചെയർമാൻ പോൾ ആന്റണി, കേരള സാങ്കേതിക സർവകലാശാല വിസി ഡോ. സജി ഗോപിനാഥ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. പത്ത് കോളേജുകളുടേതടക്കം 31 കമ്പനികളുടെ റോബോട്ടിക് ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top