22 November Friday

പിജി ദേശീയ അവാർഡ്‌ റൊമില ഥാപ്പർക്ക്‌ സമ്മാനിച്ചു

സ്വന്തം ലേഖകൻUpdated: Tuesday Nov 5, 2024

ന്യൂഡൽഹി > പിജി സംസ്‌കൃതി കേന്ദ്രത്തിന്റെ നാലാമത്‌ പിജി ദേശീയ അവാർഡ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ചരിത്രകാരി റൊമില ഥാപ്പറിന്‌ സമ്മാനിച്ചു. രാഷ്ട്രമെന്നത്‌ അടിസ്ഥാനപരമായി ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഊന്നിയതായിരിക്കണമെന്ന്‌ അവാർഡ്‌ സ്വീകരിച്ചുകൊണ്ട്‌ റൊമില പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയും സംഘപരിവാറിന്‌ താൽപ്പര്യമില്ലാത്ത രണ്ട്‌ കാര്യങ്ങളാണ്‌. പൗരൻമാരുടെ അവകാശങ്ങളെയാണ്‌ സമൂഹത്തിന്റെ അടിസ്ഥാനമായി കാണേണ്ടത്‌. ബ്രിട്ടീഷ്‌ കാലത്തെ നിയമങ്ങളെ സ്വാതന്ത്ര്യം കിട്ടിയ ഘട്ടത്തിൽ ഒഴിവാക്കേണ്ടിയിരുന്നു. അതുണ്ടായില്ല. രാജ്യദ്രോഹം പോലുള്ള വകുപ്പുകൾ തുടർന്നു.

സ്വാതന്ത്ര്യം ലഭിച്ച്‌ ഇത്രയധികം വർഷങ്ങൾക്ക്‌ ശേഷവും രാജ്യത്തെ പകുതിയിലേറെ ജനങ്ങൾ ദരിദ്രരായി തുടരുകയാണ്‌. നഗരങ്ങളിൽ ചേരികൾ കൂടുന്നു. വലിയൊരു വിഭാഗത്തിന്‌ പാർപ്പിടമില്ല. ഇത്തരം അടിസ്ഥാനപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനാണ്‌ ഭരണകൂടം ശ്രമിക്കേണ്ടത്‌. ആരോഗ്യ–- വിദ്യാഭ്യാസ മേഖലകൾക്ക്‌ ഏറ്റവും പ്രാമുഖ്യം നൽകണം. അതുണ്ടാകുന്നില്ല. പൊതുബജറ്റിൽ ഈ മേഖലകൾ അവഗണിക്കപ്പെടുകയാണ്‌. പൗരാവകാശങ്ങൾക്കും ജനാധിപത്യമൂല്യങ്ങൾക്കുമായി അടിയുറച്ച്‌ നിലകൊള്ളുന്നതിന്‌ പിജിയെ പോലുള്ളവരുടെ രചനകളുടെ പുനർവായന ആവശ്യമാണ്‌–- റൊമില പറഞ്ഞു.

സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി അധ്യക്ഷനായി. ആർ പാർവ്വതി ദേവി സ്വാഗതം ആശംസിച്ചു. പിജി സംസ്‌കൃതി കേന്ദ്രം അംഗങ്ങളായ കടകംപ്പള്ളി സുരേന്ദ്രൻ, എ എ റഹീം എംപി എന്നിവർ ആശംസകൾ നേർന്നു. റൊമില ഥാപ്പറിന്റെ സംഭാവനകൾ വിവരിച്ചുള്ള പ്രശസ്‌തിപത്രം എം ജി രാധാകൃഷ്‌ണൻ അവതരിപ്പിച്ചു. പിജി സംസ്‌കൃതികേന്ദ്രം സെക്രട്ടറി കെ സി വിക്രമൻ നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top