22 November Friday

വിലയിടിവ്‌; റബർ ബോർഡ്‌ ഓഫീസിലേക്ക്‌ 30ന്‌ കർഷകസംഘം മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

തിരുവനന്തപുരം > കേന്ദ്ര സർക്കാരും ടയർ കമ്പനികളും ഒത്തുകളിച്ച് സ്വാഭാവിക റബറിന്റെ വിലയിടിക്കുന്നതിനെതിരെ കർഷകസംഘം 30ന് കോട്ടയം റബർ ബോർഡ് ഓഫീസിനുമുന്നിലും റബർ മേഖലകളിൽ ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസിനുമുന്നിലും മാർച്ച് നടത്തും. ടയർ കമ്പനി ലോബിയുടെ ഒത്തുകളി അവസാനിപ്പിക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും സ്വാഭാവിക റബറിന് മെച്ചപ്പെട്ട വില ഉറപ്പാക്കണമെന്നും കർഷകർ ആവശ്യപ്പെടും.

ലക്ഷക്കണക്കിന് റബർ കർഷകരുടെയും തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും ജീവിതമാർഗം പ്രതിസന്ധിയിലാക്കിയാണ് ടയർ കമ്പനികളുടെ ഒത്തുകളി. അന്താരാഷ്ട്ര വിപണിയിൽ റബർ വില കിലോഗ്രാമിന്‌ കേരളവിപണിയേക്കാൾ 30 രൂപ കൂടുതലാണ്. ആഭ്യന്തര വിപണിയിൽ വില ഉയരുമ്പോൾ ടയർ കമ്പനി ലോബിയുടെ സമ്മർദത്തിൽവീണ്‌  കേന്ദ്രം തീരുവയില്ലാതെ റബർ ഇറക്കുമതി ചെയ്യുന്നു. അന്താരാഷ്ട്ര വിപണിയിൽ വില ഉയരുമ്പോൾ കയറ്റുമതി വർധിപ്പിക്കാൻ സൗകര്യം ഒരുക്കുന്നില്ല.

ടയർ കമ്പനികളുടെ ചൂഷണത്തിൽനിന്ന് കർഷകരെ രക്ഷിക്കാൻ മുഴുവൻ കർഷകരും രംഗത്തിറങ്ങണമെന്ന് കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാറും സെക്രട്ടറി വത്സൻ പനോളിയും അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top