18 November Monday

ഇന്ത്യന്‍ ജനത മോഡി പൊലീസിന്റെ നിരീക്ഷണത്തില്‍: എസ്ആര്‍പി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 15, 2022

സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്യുന്നു

‌ആലപ്പുഴ> ഇന്ത്യന്‍ ജനതയാകെ മോഡി പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. എം എ അലിയാര്‍ നഗറില്‍ സിപിഐ എം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ഉപയോഗിക്കുന്ന സ്‌മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. സംസാരം, ചര്‍ച്ചകള്‍, അറിയിപ്പുകള്‍, വാര്‍ത്തകള്‍ എന്നിവയെല്ലാം ചോര്‍ത്തുന്നു. വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണിത്. ഇതുകൂടാതെ ഇസ്രേയലിന്റെ ചാര സോഫ്റ്റ്‌വെയറായ പെഗാസസുമായി കരാറുണ്ടാക്കി വിവരങ്ങള്‍ ചോര്‍ത്തുന്നു.

കോര്‍പ്പറേറ്റ് വര്‍ഗീയ കൂട്ടുകെട്ടിന്റെ അമിതാധികാര ഭരണം എന്നാണ് ഒന്നാം മോഡി സര്‍ക്കാരിനെ 22-ാം പാര്‍ടി കോണ്‍ഗ്രസ് വിലയിരുത്തിയത്. അത് കുറേക്കൂടി ആക്രമണോത്സുകതയോടെ ഇപ്പോള്‍ നടപ്പാക്കുന്നു. ജനാധിപത്യ സംവിധാനങ്ങളെയാകെ നോക്കുകുത്തിയാക്കിയാണ് ഈ കൂട്ടുകെട്ട് ഭരിക്കുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് പാര്‍ലമെന്റ്. എന്നാല്‍ ഇവിടെ ജനാധിപത്യമില്ല. ഭൂരിപക്ഷത്തിന്റെ സര്‍വ്വാധിപത്യമാണ് അരങ്ങേറുന്നത്. ചര്‍ച്ചയോ സംവാദമോ ഇല്ലാതെ ജമ്മു കശ്മീര്‍ എന്ന സംസ്ഥാനത്തെ ഒറ്റ ദിവസം കൊണ്ടാണ് ഇല്ലാതാക്കിയത്. അവിശ്വാസ പ്രമേയം പോലും ചര്‍ച്ചയ്ക്കെടുക്കാത്ത വിധം പാര്‍ലമെന്റില്‍ ഏകാധിപത്യമാണ് അരങ്ങേറുന്നത്.

മോഡി സര്‍ക്കാര്‍ നീതിന്യായവ്യവസ്ഥയെ എക്‌‌സിക്യുട്ടീവിന്റെ തടവറയിലാക്കി. സര്‍ക്കാരിനെതിരായ ഹര്‍ജികള്‍ പരിഗണിക്കാതിരിക്കുക, അനുകൂലമായതില്‍ എളുപ്പത്തില്‍ തീര്‍പ്പു കല്‍പ്പിക്കുക എന്നതാണ് പൊതു രീതി. ജമ്മു കശ്‌മീര്‍ സംബന്ധിച്ച് നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയിലുണ്ട്. സിഎഎ സംബന്ധിച്ചും ഹര്‍ജികളുണ്ട്. പക്ഷേ ഇവയൊന്നും പരിഗണിക്കുന്നില്ല. ബാങ്ക്, ഇന്‍ഷൂറന്‍സ്, പെട്രോളിയം, ഖനികള്‍, പ്രതിരോധ വ്യവസായം  എന്നിവയെല്ലാംന്വേദേശ, വിദേശ കുത്തകകള്‍ക്ക് വില്‍ക്കുകയാണ്. പ്രതിരോധ വ്യവസായത്തില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നത് രാജ്യ സുരക്ഷയെ ബാധിക്കും. വിദേശ ആയുധ കമ്പനികള്‍ ഇന്ത്യയുടെ വിദേശ നയം തീരുമാനിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തും.

പശ്ചാത്തല സൗകര്യങ്ങള്‍ വിപുലമാക്കിയാല്‍ കേരളത്തിലേക്ക് കൂടതല്‍ നിക്ഷേപങ്ങള്‍ വരും. പുതിയ വ്യവസായങ്ങള്‍ ആരംഭിക്കും. കെ റെയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഈ ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടാണ്. സിപിഐ എമ്മും മാറിമാറി വന്ന ഇടതു സര്‍ക്കാരുകളുമാണ് കേരളത്തെ പുതിയ പാതയിലൂടെ നയിച്ചത്. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടങ്ങള്‍ നമുക്ക് കൈ വരിക്കാനായി. ഇനി പുതിയ ഘട്ടത്തിലേക്ക് കേരളത്തെ നയിക്കുകയാണ് ലക്ഷ്യം. കേരളത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരുമായി ചേര്‍ന്ന് സിപിഐ എം പരിശ്രമിക്കുമെന്നും എസ്ആര്‍പി പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top