കൊച്ചി > കവിയും പുരോഗമന കലാസാഹിത്യ പ്രവർത്തകനുമായിരുന്ന എസ് രമേശൻ (69) അന്തരിച്ചു. വ്യാഴം പുലർച്ചെ പച്ചാളത്തെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. സംസ്‌കാരം വെള്ളി പകൽ രണ്ടിന് പച്ചാളം ശ്മശാനത്തിൽ. മൃതദേഹം വെള്ളി രാവിലെ എട്ടിന് വീട്ടിൽ കൊണ്ടുവരും. പകൽ 11ന് എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം.
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റാണ്. സംസ്ഥാന ജനറൽ സെക്രട്ടറി, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ, സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർവാഹകസമിതി അംഗം തുടങ്ങിയ നിലകളികളിൽ പ്രവർത്തിച്ചു. ഗ്രന്ഥാലോകം മുഖ്യപത്രാധിപരുമായിരുന്നു. ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരികമന്ത്രിയായിരിക്കെ 1996-–-2001 വരെ സാംസ്കാരികവകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി മുൻ അംഗമാണ്.
1952 ഫെബ്രുവരി 16ന് വൈക്കത്താണ് ജനനം. പള്ളിപ്രത്തുശേരി സെന്റ് ജോസഫ് എൽപി സ്കൂൾ, വൈക്കം ഗവ. ബോയ്സ് ഹൈസ്കൂൾ, ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം ലോകോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനംപൂർത്തിയാക്കി. എസ്‌എഫ്‌ഐയുടെ ആദ്യകാല നേതൃനിരയിൽ പ്രമുഖൻ. 1972ൽ മഹാരാജാസ് കോളേജിൽ എസ്‌എഫ്‌ഐയുടെ ആദ്യ വിദ്യാർഥി യൂണിയൻ ചെയർമാനായി. 1973ലും ചെയർമാൻ. 1981ൽ ബിഡിഒ ആയി. അഡീഷണൽ ഡെവലപ്മെന്റ് കമീഷണറായി വിരമിച്ചു. മുമ്പ് എസ്‌ബിടിയിലും ജോലി ചെയ്‌തു.
ശിഥിലചിത്രങ്ങൾ, അസ്ഥിശയ്യ, കലുഷിത കാലം, കറുത്ത കുറിപ്പുകൾ, എസ് രമേശന്റെ കവിതകൾ എന്നിവ പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ചെറുകാട് അവാർഡ്, ശക്തി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായി. ഭാര്യ: റിട്ട.പ്രൊഫസർ ഡോ. ടി പി ലല. മക്കൾ: ഡോ. സൗമ്യ (ഗവ. ആയുർവേദ ആശുപത്രി, ചേരാനല്ലൂർ), സന്ധ്യ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..