കൊല്ലം > സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ വീണ്ടും തെരഞ്ഞെടുത്തു. ബീഡി തെറുപ്പ് ജീവിതത്തിൽ നിന്ന് നിസ്വാർഥ സാമൂഹിക പ്രവർത്തകനായും തൊഴിലാളി നേതാവായും വളർന്നാണ് സുദേവൻ സിപിഐ എമ്മിന്റെ ജില്ലയിലെ അമരക്കാരനായി മാറിയത്.
1954 മേയ് 24ന് ജില്ലാ അതിർത്തിയായ കൊല്ലായിലാണ് ജനനം. കോൺഗ്രസിന് നിർണായക സ്വാധീനം ഉണ്ടായിരുന്ന പ്രദേശത്ത് പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1971 ലാണ് എസ് സുദേവൻ സിപിഐ എം അംഗമാകുന്നത്. പിന്നീട് കൊല്ലായിൽ, മാടത്തറ ബ്രാഞ്ച് സെക്രട്ടറിയായി. 1976ൽ അടിയന്തരാവസ്ഥ കാലത്ത് ചിതറ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. തുടർന്ന് 81 വരെ കൊട്ടാരക്കര താലൂക്ക് കമ്മിറ്റി അംഗം. 1984 വരെ ചടയമംഗലത്തും 1984 മുതൽ 86 വരെ പുനലൂരും ഏരിയ കമ്മിറ്റി അംഗമായി. 1990 മുതൽ 95 വരെ ചടയമംഗലം ഏരിയ സെക്രട്ടറിയായി.
കെ എസ് വൈ എഫ് ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐയുടെ ആദ്യ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കേന്ദ്ര എക്‌സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും സിപിഐ എം ചടയമംഗലം ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ച സുദേവൻ 1984 മുതൽ ജില്ലാ കമ്മിറ്റി അംഗമായും 1995 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും 2015 മുതൽ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചുവരുന്നു.
കശുവണ്ടിത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിഐടിയു കേന്ദ്ര വർക്കിങ് കമിറ്റി അംഗമായും കാപെക്‌സ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ചിതറ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ഡയറക്‌ടർ ബോർഡ് അംഗം, ചടയമംഗലം ചിതറ ഡിവിഷനുകളിൽ നിന്ന് ജില്ലാ പഞ്ചായത്ത് അംഗം, ജില്ലാ പഞ്ചായ ത്ത് വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. നിരവധി തൊഴിലാളി സമരങ്ങളിൽ മുന്നണിപ്പോരാളിയായ സുദേവൻ, ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ: എൽ മഹിളാമണി. മക്കൾ: അഡ്വ. എസ് അനുരാജ്, എസ് അഖിൽ രാജ്. മരുമകൾ: അഡ്വ. ജെ മിത്ര.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..