ന്യൂഡൽഹി
അങ്കമാലി മുതൽ എരുമേലിവരെയുള്ള ശബരി റെയിൽ പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിക്കുന്നതായി സൂചന. ഈ പദ്ധതിക്കു പകരം ചെങ്ങന്നൂർമുതൽ പമ്പവരെയുള്ള പുതിയ പദ്ധതി പരിഗണനയിലാണെന്ന് കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്‌ണവ് മാധ്യമങ്ങളോട് പറഞ്ഞു. ചെങ്ങന്നൂർ–- പമ്പ പാതയുടെ സർവേ നടപടി പൂർത്തിയായശേഷം ഏത് പദ്ധതിയാകും മെച്ചമെന്ന് വിലയിരുത്തി തീരുമാനം എടുക്കുമെന്ന് മന്ത്രി അറിയിച്ചു. ചെങ്ങന്നൂർ–- പമ്പ പാത ക്ഷേത്രത്തിന് അഞ്ചു കിലോമീറ്റർ അടുത്തുവരെ എത്തും. അങ്കമാലി–- എരുമേലി പാത 25 കിലോമീറ്റർ അകലെ അവസാനിക്കും. ആ പാതയുടെ ഭൂമി ഏറ്റെടുക്കൽ പുരോഗമിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ റെയിൽവേ പദ്ധതികൾക്കായി ബജറ്റിൽ 3011 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. ഏതൊക്കെയാണ് പദ്ധതികളെന്ന് വിശദമാക്കാൻ മന്ത്രി തയ്യാറായില്ല. കൂടുതൽ പാളങ്ങൾ നിർമിക്കാനും വളവുകൾ നികത്താനുമാണ് ശ്രമിക്കുന്നത്. അതിന് ഭൂമി ഏറ്റെടുക്കൽ അനിവാര്യമാണ്. സംസ്ഥാന സർക്കാർ സഹകരിച്ചാൽ വേഗത്തിൽ പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകാം.
അമൃത് സ്‌റ്റേഷനുകൾ
മുപ്പത്തഞ്ച് സ്‌റ്റേഷനുകൾ അമൃത് സ്‌റ്റേഷനുകളാക്കി വികസിപ്പിക്കും. ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി, ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂർ, ചിറയിൻകീഴ്, എറണാകുളം, എറണാകുളം ടൗൺ, ഏറ്റുമാന്നൂർ, ഫറൂഖ്, ഗുരുവായൂർ, കണ്ണൂർ, കാസർകോട്, കായംകുളം, കൊല്ലം, കോഴിക്കോട്, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ, തലശേരി, തിരുവനന്തപുരം, തൃശൂർ, തിരൂർ, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വർക്കല, വടക്കാഞ്ചേരി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..