തിരുവനന്തപുരം > ചെങ്ങന്നൂർ–-പമ്പ പാതയെക്കാൾ യാത്രക്കാർക്ക് സമയലാഭമുണ്ടാക്കുന്നത് നിർദിഷ്ട അങ്കമാലി–-എരുമേലി റെയിൽപ്പാത (ശബരിപാത) തന്നെ. മാത്രമല്ല, നിർമാണത്തിലെ സാമ്പത്തികലാഭവും ശബരി പാതയ്‌ക്കുതന്നെയാണുള്ളത്. പദ്ധതിചെലവിന്റെ പകുതി വഹിക്കാമെന്ന് സംസ്ഥാനം വ്യക്തമാക്കിയതാണ്. ഇതിന് കിഫ്‌ബി വഴി അനുവദിക്കുന്ന തുക വായ്‌പ പരിധിയിൽപ്പെടുത്തരുതെന്നുമാത്രമാണ് സംസ്ഥാനത്തിന്റെ ആവശ്യം.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറയുന്ന ചെങ്ങന്നൂർ പാതയ്‌ക്ക് പതിനായിരംകോടിയിൽ അധികം രൂപ ചെലവ് വരും. 56 കിലോമീറ്റർ അധികം സഞ്ചരിക്കണം. ശബരിപാതയ്‌ക്ക് 3883 കോടി രൂപ മതി, ദൂരം 145 കി.മീ. മാത്രം. അങ്കമാലിയിൽനിന്ന് ചെങ്ങന്നൂരിലേക്ക് എത്താൻ 201 കി.മീ. സഞ്ചരിക്കണം. പമ്പാനദിക്ക് സമാന്തരമായി നിർമിക്കുന്ന ചെങ്ങന്നൂർ –-പമ്പ പാതയിൽ നിരവധി വളവുകൾ ഉണ്ടാകാനും അത് വേഗനിയന്ത്രണമുണ്ടാക്കുമെന്നും ആദ്യപഠനത്തിൽത്തന്നെ വ്യക്തമായതാണ്. എരുമേലിയിലൂടെ അല്ല നിർദിഷ്ട പാത കടന്നുപോകുക. അതേസമയം പാതയുടെ 19 കിലോമീറ്റർ വനത്തിലൂടെ ആകും. ശബരിപാത പമ്പവരെയാണ് വിഭാവനം ചെയ്‌തത്. വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് എരുമേലിയിൽ നിർത്തി. അനുമതി ലഭിച്ചാൽ പമ്പവരെ നീട്ടാനാകും.
ചെങ്ങന്നൂർ–-പമ്പ ശബരിമല തീർഥാടന കാലത്തുമാത്രമാണ് പ്രയോജനപ്പെടുക. മറ്റ് സമയങ്ങളിൽ യാത്രക്കാർ ഉണ്ടാകില്ല. അതേസമയം ശബരിപാത കേരളത്തിനുള്ള മൂന്നാംപാതയായി മാറും. ഇടുക്കിയെ റെയിൽവേ ഭൂപടത്തിൽ എത്തിക്കും. എരുമേലിയിൽനിന്ന് പുനലൂരിലേക്ക് നീട്ടിയാൽ തമിഴ്‌നാടിനും പ്രയോജനപ്പെടും. പുനലൂരിൽനിന്ന് നെടുമങ്ങാട്–-കാട്ടാക്കട വഴി ബാലരാമപുരത്ത് മറ്റൊരുപാത കൂടി നിർമിച്ചാൽ വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനംകൂടി ഉണ്ടാകും. ഈ പാതയ്‌ക്ക് 4000 കോടി വരെയാകും ചെലവ്. അത് കേന്ദ്രസർക്കാരിന്റെ സാഗർമാല പദ്ധതിയിലൂടെ നിർമിക്കാനുമാകും. ചരക്കുഗതാഗതത്തിലൂടെ കുറഞ്ഞ വർഷത്തിനകം നിർമാണച്ചെലവ് തിരിച്ചുപിടിക്കാനുമാകും. 113 കി.മീ. വരുന്ന ശബരിപാതയുടെ 70 കിലോമീറ്ററിൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 250 കോടി രൂപ ഇതിനായി ചെലവഴിച്ചു. അംഗീകാരം നൽകാത്തതിനാൽ അനുവദിച്ച 100 കോടി ചെലവഴിക്കാനും കഴിയുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..