തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ പ്രഥമ പരിഗണന അങ്കമാലി–-എരുമേലി ശബരി റെയിൽപ്പാതയ്‌ക്ക്. ലക്ഷക്കണക്കിന് ജനങ്ങൾക്കും നിരവധി പ്രദേശങ്ങൾക്കും സൗകര്യപ്രദമാകുമെന്നതിനാലാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ താൽപ്പര്യമെടുക്കുന്നത്. 1997–-98ൽ അംഗീകാരം നേടിയ പദ്ധതിക്ക് അങ്കമാലി മുതൽ രാമപുരംവരെ 70 കിലോമീറ്റർദൂരത്തിൽ ഭൂമി ഏറ്റെടുത്തതാണ്.
ചെങ്ങന്നൂർ –പമ്പ പാതയുടെ നിർമാണത്തിന് ആവശ്യമായ തുകയുടെ പകുതി വഹിക്കണമെന്ന കത്ത് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിക്ക് റെയിൽവേ ചീഫ്‌അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ നൽകിയ സാഹചര്യത്തിലാണ് ആദ്യപരിഗണന അങ്കമാലി–-എരുമേലി പാതയ്‌ക്കാണെന്ന് സർക്കാർ വ്യക്തമാക്കിയത്.
ശബരി പാതയ്‌ക്കായി കല്ലിട്ട ഭൂമി ഏറ്റെടുക്കാത്തതിൽ നിരവധി കർഷകരും ഭൂഉടമകളും പ്രയാസത്തിലാണ്. ഭൂമി കൈമാറ്റം ചെയ്യാനോ, മറ്റേതെങ്കിലും കാര്യങ്ങൾക്കോ പ്രയോജനപ്പെടുത്താനോ കഴിയുന്നില്ല. ഇടുക്കിയിലേക്കുള്ള യാത്രാപ്രശ്‌നം പരിഹരിക്കാനും വിനോദസഞ്ചാര വികസനത്തിനും ഉതകുന്നതാണ് ഈ പാത.
ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള 70 ശതമാനം ശബരിമല തീർഥാടകരും ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. അവർക്ക് അങ്കമാലി –-എരുമേലി പാതയാണെങ്കിൽ 145 കിലോമീറ്റർ സഞ്ചരിച്ചാൽ പമ്പയിൽ എത്താം. കോട്ടയം–-ചെങ്ങന്നൂർ–- പമ്പ വഴി എത്താൻ 201 കി.മീറ്റർ സഞ്ചരിക്കണം.
അങ്കമാലി–-എരുമേലി
ശബരി പാത
ഡിപിആർ പ്രകാരം നിർമാണചെലവ് 3810 കോടി. ദൂരം 111 കിലോമീറ്റർ. ഏഴു കിലോമീറ്റർ പാത നിർമിച്ചു. 264കോടി ചെലവഴിച്ചു. 2019ൽ നിർമാണം റെയിൽവേ നിർത്തിവച്ചു.
ചെങ്ങന്നൂർ –- പമ്പ പാത
ഡിപിആർ പ്രകാരം 6408.29 കോടി രൂപ നിർമാണചെലവ്. ഇതിൽ 3204.14 കോടി രൂപ സംസ്ഥാനം നൽകണമെന്ന് കേന്ദ്രം. ദൂരം 59.228 കിലോമീറ്റർ. 20 കിലോമീറ്റർ വനഭൂമിയിലൂടെയാണ്. 20 ടണൽ നിർമിക്കണം.
രണ്ടുവർഷത്തിനകം കമീഷൻ ചെയ്യാം : വി അബ്ദുറഹിമാൻ
അങ്കമാലി–-എരുമേലി ശബരി റെയിൽപ്പാത പ്രവൃത്തി പുനരാരംഭിച്ചാൽ രണ്ടുവർഷത്തിനകം കമീഷൻ ചെയ്യാൻ കഴിയുമെന്ന് സംസ്ഥാനത്തെ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. പദ്ധതിക്കായി ശബരി പാതയുടെ നിർമാണ ചെലവിന്റെ പകുതി വഹിക്കാമെന്ന് സംസ്ഥാന സർക്കാർ അംഗീകരിച്ചതാണ്. ഇതിനായി എടുക്കുന്ന വായ്‌പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽപ്പെടുത്തരുതെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം കഴിഞ്ഞദിവസം കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്‌ണവിനെ അറിയിച്ചപ്പോൾ അനുകൂലമായാണ് പ്രതികരിച്ചത്. പുതിയ റെയിൽവേ ലൈൻ വരുന്നതിനോട് കേരളത്തിന് എതിർപ്പില്ലെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..