തിരുവനന്തപുരം> ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരേയും സമീപ ജില്ലകളിലും വിപുലമായ ആരോഗ്യ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആരോഗ്യവകുപ്പില്‍ നിന്ന് 3000ത്തോളം ജീവനക്കാരെയാണ് ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിലായ് മണ്ഡലകാലത്ത് നിയമിച്ചിരിക്കുന്നത്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മതിയായ മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപക്ഷെ ഹൃദയാഘാതത്തിലേക്ക് നീങ്ങാം. അതിനാല്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. എല്ലാ ഭാഷകളിലും ഇതുസംബന്ധിച്ച ലഘുലേഖകളും വിതരണം ചെയ്തുവരുന്നു. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
ആരോഗ്യ സംവിധാനങ്ങള്‍
നിലയ്ക്കല്‍ ആശുപത്രി
ഈ വര്‍ഷം മുതല്‍ നിലയക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിനെ ബേസ് ക്യാമ്പായി മാറ്റാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് നിലയ്ക്കല്‍ ആശുപത്രിയില്‍ ഐ.സി.യു. ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭ്യമാണ്. മറ്റ് ഡോക്ടര്‍മാര്‍ക്ക് പുറമേ ഓര്‍ത്തോപീഡിക് വിദഗ്ധന്റേയും ഫിസിഷ്യന്റേയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സുകളും മരുന്നുകളും സജ്ജമാക്കിയിട്ടുണ്ട്.
പമ്പ ആശുപത്രി
പമ്പ ആശുപത്രിയില്‍ കാര്‍ഡിയോളജി ഐ.സി.യു., വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ രണ്ട് കാര്‍ഡിയോളജിസ്റ്റുകള്‍, ഫിസിഷ്യന്‍, സര്‍ജന്‍, ഓര്‍ത്തോപീഡീഷ്യന്‍, പീഡിയാട്രീഷ്യന്‍ എന്നിവരുടെ സേവനം 24 മണിക്കൂറും ഉറപ്പ് വരുത്തിയിട്ടുണ്ട്.
പമ്പ മുതല്‍ സന്നിധാനം വരെ
പമ്പ മുതല്‍ സന്നിധാനം വരെ 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. നാല് സ്റ്റാഫ് നഴ്‌സുകള്‍ വീതം രണ്ട് ഷിഫ്റ്റായി ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു. അയ്യപ്പ സേവാ സംഘത്തിന്റെ വോളന്റിയര്‍മാരും സഹായത്തിനുണ്ട്. ബ്ലഡ് ഷുഗര്‍, ബി.പി. എന്നിവ പരിശോധിക്കുകയും ആവശ്യമെങ്കില്‍ ഓക്‌സിജന്‍ നല്‍കുകയും ചെയ്യുന്നു. ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നവര്‍ക്ക് നെബുലൈസേഷനുള്ള സൗകര്യവുമുണ്ട്. ഹൃദയാഘാതം ഉണ്ടായാല്‍ ഷോക്ക് നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഓട്ടോമെറ്റഡ് ഡിബ്രിഫ്രിലേറ്റര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അപ്പാച്ചിമേട്ടിലും നീലിമലയിലുമുള്ള കാര്‍ഡിയോളജി സെന്ററുകളില്‍ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജിന്റെ സേവനം 24 മണിക്കൂറും ഉറപ്പ് വരുത്തിയിട്ടുണ്ട്.
സന്നിധാനം
സന്നിധാനത്ത് അടിയന്തര ഓപ്പറേഷന്‍ തീയേറ്റര്‍, ഐ.സി.യു., വെന്റിലേറ്റര്‍ എന്നിവ ഉള്‍പ്പെടെ വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പീഡിയാട്രീഷ്യന്‍, സര്‍ജന്‍, ഓര്‍ത്തോപീഡീഷ്യന്‍, അനസ്തറ്റിസ്റ്റ്, 2 കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പാമ്പ് വിഷത്തിനുള്‍പ്പെടെയുള്ള മരുന്നുകള്‍ കെ.എം.എസ്.സി.എല്‍. മുഖേന ഉറപ്പ് വരുത്തിയിട്ടുണ്ട്.
പത്തനംതിട്ട
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേക അത്യാഹിതവിഭാഗം, ഇരുപതു കിടക്കകളോടുകൂടിയ പ്രത്യേക വാര്‍ഡ്, കാര്‍ഡിയാക് കെയര്‍യൂണിറ്റ് (സിസിയു) എന്നിവ ശബരിമല തീര്‍ത്ഥാടകര്‍ക്ക് മാത്രമായി സജ്ജമാക്കി. ആന്‍ജിയോപ്ലാസ്റ്റി, ആന്‍ജിയോഗ്രാം എന്നിവ ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജ്
ശബരിമലയ്ക്ക് ഏറ്റവും അടുത്തുള്ള മെഡിക്കല്‍ കോളേജ് എന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
ഏതെങ്കിലും രോഗികളെ മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോകേണ്ടതുണ്ടെങ്കില്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല അക്കാര്യം മെഡിക്കല്‍ കോളേജ് അധികൃതരെ അറിയിക്കുകയും ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..