23 December Monday

കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇൻഫർമേഷൻ സെന്റർ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

കൊച്ചി > കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല ഇൻഫർമേഷൻ സെന്റർ ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്‌ അഡ്വ. പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ടെർമിനൽ (ടി - 1) ആഗമന ഭാഗത്താണ് കൗണ്ടർ ആരംഭിച്ചിരിക്കുന്നത്. ശബരിമല തീർത്ഥാടകർക്ക് 24 മണിക്കൂർ സേവനം ലഭ്യമാകുന്ന രീതിയിലാണ് സെന്റർ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.  

ഇൻഫർമേഷൻ സെന്റററിലുള്ള ഡിജിറ്റൽ കൗണ്ടർ വഴി അപ്പം, അരവണ പ്രസാദം എന്നിവ ഡിജിറ്റലായി ബുക്ക് ചെയ്യാവുന്നതാണ്. സൗത്ത് ഇന്ത്യൻ ബാങ്കുമായി (എസ്ഐബി) സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ ബുക്ക് ചെയ്ത രസീതുമായി ശബരിമല മാളികപ്പുറം നടയ്ക്കടുത്തുള്ള എസ്ഐബി കൗണ്ടറിൽ ചെന്നാൽ പ്രസാദം ലഭ്യമാകും. അന്നദാനത്തിനും മറ്റുമുള്ള സംഭാവനകളും ക്യൂആർ കോഡ് വഴിയും  ഡിജിറ്റൽ കാർഡ് വഴിയും സിയാലിലെ ഡിജിറ്റൽ കൗണ്ടർ വഴി നടത്താവുന്നതാണ്. അതോടൊപ്പം വഴിപാടുകൾ നടത്താനുള്ള 'ഇ-കാണിക്ക' സൗകര്യവും സെന്റററിൽ  ഒരുക്കിയിട്ടുണ്ട്.

കൊച്ചി വിമാനത്താവളത്തിൽ ശബരിമല  തീർത്ഥാടകർക്കായി ഇടത്താവളം ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് വിശ്രമിക്കാനും മറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ഇടത്താവളത്തിനുള്ളിൽതന്നെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്​​പ്ലേ, സമീപത്തായി പ്രീ പെയ്​ഡ് ടാക്സി കൗണ്ടർ, കുറഞ്ഞ ചെലവിൽ 0484 എയ്റോ ലോഞ്ചിൽ താമസസൗകര്യം എന്നിവയും ലഭ്യമാണ്. വിമാനത്താവളത്തിൽനിന്ന്​ പമ്പയിലേക്ക്​ കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസ് ദിവസവും രാത്രി എട്ടിനുണ്ട്​.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top