19 November Tuesday
പതിനെട്ടാംപടിയിലെ 
പരിഷ്കാരങ്ങൾ ഗുണമായി

തീർഥാടകപ്രവാഹം , സുഗമദർശനം ; മണ്ഡലകാലം ഉണർവിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024


ശബരിമല
മണ്ഡലകാല മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയിൽ  തീർഥാടകരുടെ തിരക്ക്‌ വർധിച്ചു. ശനിയാഴ്‌ച മാത്രം 72,656 തീർഥാടകരാണ്‌ ശബരിമല ദർശനം നടത്തിയത്‌.  തിങ്കൾ രാത്രി ഏഴ്‌ വരെ 63,222 പേരും ശബരിമലയിൽ എത്തി. നാല്‌ ദിവസത്തിൽ 2,26,923 തീർഥാടകരാണ്‌ ശബരിമലയിൽ എത്തിയത്‌. നാല്‌ ദിവസമായി പുല്ലുമേട്‌ വഴിയെത്തിയ 936 പേരുടെ എണ്ണം ഉൾപ്പെടെയാണിത്‌. ആകെ എത്തിയവരിൽ 18,084 പേർ മാത്രമാണ്‌ സ്‌പോട്ട്‌ ബുക്കിങ്ങിൽ മല കയറിയത്‌. ശരാശരി 65,000ലധികം തീർഥാടകരാണ്‌ ഈ ദിവസങ്ങളിൽ  എത്തിയത്‌.

തീർഥാടകർക്ക്‌ സുഗമമായ ദർശനമാണ്‌ ലഭിക്കുന്നത്‌. നട തുറക്കുന്ന സമയത്ത്‌ മാത്രമാണ്‌ വലിയ നടപ്പന്തലിൽ വരി കാണുന്നത്‌. അല്ലാത്തപ്പോൾ വരി നിൽക്കാതെ പതിനെട്ടാംപടി ചവിട്ടാൻ കഴിയുന്നു. തടസ്സമില്ലാതെ തീർഥാടകർക്ക്‌ നടന്നുനീങ്ങാൻ കഴിയുന്നുണ്ട്‌. വെർച്വൽ ക്യൂ കാര്യക്ഷമമായതിനാലും ദിവസവും 18 മണിക്കൂർ ദർശനം അനുവദിച്ചതിനാലുമാണ്‌ തീർഥാടകരുടെ എണ്ണം കൂടിയിട്ടും തിരക്ക്‌ അനുഭവപ്പെടാത്തത്‌. നട അടഞ്ഞ്‌ കിടക്കുമ്പോഴും പതിനെട്ടാം പടി കയറാനുള്ള സൗകര്യമാണ്‌ നിലവിൽ നൽകുന്നത്‌. അതിനാൽ നടപ്പന്തലിൽ വലിയ തിരക്ക്‌ രൂപപ്പെടുന്നില്ല. ഇങ്ങനെ പടികയറുന്നവർക്ക്‌ നട തുറന്ന്‌ കഴിയുമ്പോൾ വടക്കേനടവഴി കയറി ദർശനം നടത്താനും കഴിയും. രാത്രി ഇത്തരത്തിൽ കയറുന്നവർക്ക്‌ വിരിവെയ്‌ക്കാനുള്ള സൗകര്യം സന്നിധാനത്ത്‌ ഒരുക്കിയിട്ടുണ്ട്‌. തീർഥാടകരുടെ നീണ്ട നിര ഇല്ലാത്തപ്പോൾ ഫ്ലൈഓവർ കയറ്റാതെ നേരിട്ട്‌ ദർശനം ഒരുക്കുകയാണ്‌.

വെർച്വൽ ക്യു സംവിധാനം തീർഥാടകരുടെ കൃത്യമായ കണക്കുകൾ ലഭ്യമാക്കാനും വിവരങ്ങൾ സൂക്ഷിക്കാനും സഹായകരമാണ്. സുഗമമായ മണ്ഡലകാലത്തിന്‌ തീർഥാടകർക്ക്‌ ആവശ്യമായ എല്ലാ സൗകര്യങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ പമ്പയിലും സന്നിധാനത്തും നടപ്പാക്കിയിട്ടുണ്ട്.

പതിനെട്ടാംപടിയിലെ 
പരിഷ്കാരങ്ങൾ ഗുണമായി
പ്രത്യേക പരിശീലനം സിദ്ധിച്ച പൊലീസുകാരും ലാഡർ സംവിധാനവുമടക്കം പതിനെട്ടാംപടിയിൽ തന്ത്രിയുടെ അനുമതി തേടി തീർഥാടകരെ നിയന്ത്രിക്കാൻ പൊലീസ് നടപ്പാക്കിയ മാറ്റം ഏറെ ഗുണം കാണുന്നു. 45 പൊലീസുകാരെയാണ് പതിനെട്ടാംപടിയിൽ തീർഥാടകരെ കയറ്റാൻ നിയോഗിച്ചിട്ടുള്ളത്. ഓരോ 15 മിനിറ്റിലും ഇവരെ മാറ്റിക്കൊണ്ടിരിക്കും. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഇരുന്ന് സൗകര്യപ്രദമായി ജോലി ചെയ്യാനാകുന്ന വിധത്തിലാണ് ലാഡർ നിർമിച്ചിരിക്കുന്നത്.

തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ സന്നിധാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത്‌ സ്‌പെഷ്യൽ കമീഷണർ ആർ ജയകൃഷ്ണന്റെ നിർദേശ പ്രകാരമാണ് മാറ്റം.
മുൻ വർഷങ്ങളിൽ പതിനെട്ടാം പടിയുടെ വശങ്ങളിൽ വടംകെട്ടി അതിൽ പിടിച്ചുനിന്നാണ് തീർഥാടകരെ വലിച്ചു കയറ്റിയിരുന്നത്. ഇതിനു പകരം ലാഡറിൽ ഇരുന്ന് ഇടുപ്പിലും തോളിലും പിടിച്ച് പൊക്കി കയറ്റുകയാണ് ചെയ്യുന്നത്. പൊലീസുകാരുടെ ഡ്യൂട്ടി സമയം കുറച്ച് സേനാംഗങ്ങളുടെ പ്രവർത്തന ക്ഷമത വർധിപ്പിച്ചതിനാൽ പതിനെട്ടാം പടിയിലൂടെ മിനിമം 80 തീർഥാടകരെ ഓരോ മിനിറ്റിലും കയറ്റിവിടാൻ കഴിയുന്നുണ്ട്. ഇതും ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാകാൻ കാരണമായി. പടിയിൽ ശ്രമകരമായ ഡ്യൂട്ടി നോക്കുന്ന സേനാംഗങ്ങൾക്ക് എനർജി ഡ്രിങ്കും ലഘുഭക്ഷണവും പ്രത്യേകമായി നൽകുന്നുണ്ട്.

തത്സമയ 
ഓൺലൈൻ 
ബുക്കിങ് 
3 കേന്ദ്രങ്ങളിൽ
വെർച്വൽ ക്യൂ വഴി ബുക്ക്‌ ചെയ്യാതെ ശബരിമലയിലെത്തുന്ന തീർഥാടകർക്കായി തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യവും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യമുള്ളത്. ആധാർ കാർഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാൽ ഫോട്ടോ  എടുത്ത് വെർച്വൽ ക്യൂവിന്റെ അതേ നടപടികളിലൂടെ ബുക്കിങ് നടത്തി തീർഥാടകരെ കയറ്റിവിടുകയാണ് ചെയ്യുക. പുല്ലുമേട് വഴി വരുന്ന തീർഥാടകർക്ക് വണ്ടിപ്പെരിയാറിലുള്ള സത്രത്തിലെ തത്സമയ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താനാവും.

നിലവിൽ ദിനംപ്രതി 70,000 പേർക്കാണ് വെർച്വൽ ക്യൂ വഴി ബുക്കിങ് നൽകുന്നത്. കൂടാതെ തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താനാകും. ശബരിമലയിലെത്തുന്ന എല്ലാവർക്കും ദർശന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തീർഥാടകർ ആധാർ കാർഡ് അല്ലെങ്കിൽ ആധാർകാർഡിന്റെ  കോപ്പി, വെർച്വൽ ക്യൂ ബുക്കിങ്ങിന് ലഭിക്കുന്ന സ്ലിപ്പ്, അല്ലെങ്കിൽ ഫോണിൽ അതിന്റെ പിഡിഎഫ് എന്നിവ കരുതണം.

റോപ് വേ: ധാരണപത്രം 21ന് കൈമാറും
ചരക്കുനീക്കത്തിന്  മുൻഗണന കൊടുക്കുന്ന ശബരിമല റോപ് വേ പദ്ധതി നിർമാണത്തിന്റെ ധാരണപത്രം 21ന് കൈമാറും.  മന്ത്രി വി എൻ വാസവൻ ധാരണപത്രം ഏറ്റുവാങ്ങും.  പമ്പ ഹില്‍ടോപ്പ്  മുതൽ സന്നിധാനം വരെ 2.7 കിലോമീറ്റർ ആണ്  റോപ് വേയുടെ നീളം.  250 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നിർമാണ നടപടിയും ഉടന്‍ ആരംഭിക്കും. രണ്ടു വർഷമാണ് കരാർ കാലാവധി. അടിയന്തരഘട്ടങ്ങളിൽ കാർ ആംബുലൻസ് ഇതുവഴി കൊണ്ടുപോകാനാകും. സന്നിധാനത്ത് അന്നദാനം മണ്ഡപത്തിന് സമീപം ഉപയോഗശൂന്യമായ ഷെഡ്ഡുകൾ നിൽക്കുന്ന സ്ഥലത്ത് സ്റ്റേഷൻ നിർമിക്കും.  ടവറുകള്‍ക്ക് 40 മുതൽ 60 മീറ്റർ വരെ  ഉയരമുണ്ടാകും. ഉയരം കൂട്ടുന്നതിനാൽ ടവറുകളുടെ എണ്ണം ഏഴിൽ നിന്ന്  അഞ്ചായി കുറയും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top