ശബരിമല> തിങ്കൾ രാത്രി മുതൽ ശബരിമലയിൽ വീണ്ടും തിരക്കേറി. ചൊവ്വാ വൈകിട്ട് വരെ 70,170 പേരാണ് ദർശനം നടത്തിയത്. ഇടയ്‌ക്കിടെ പെയ്‌ത മഴയെ അവഗണിച്ചാണ് തീർഥാടകരെത്തിയത്. നട തുറന്നതിനുശേഷമുള്ള ആദ്യ മണിക്കൂറുകളിൽ ഇരുപതിനായിരത്തോളം പേർ ദർശനം നടത്തി. തത്സമയം ബുക്ക് ചെയ്‌ത് ദർശനം നടത്തുന്നവരുടെ എണ്ണവും വർധിച്ചു. ചൊവ്വാഴ്‌ച്ച 11,634പേർ തത്സമയ ബുക്കിങ് നടത്തി. പമ്പയിലും നിലയ്‌ക്കലും തിരക്ക് അനുഭവപ്പെട്ടു. ബുധനാഴ്‌ച വൃശ്ചികം 12 ആയതിനാൽ തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്.
എന്നാൽ തിരക്ക് വർധിച്ചിട്ടും ഫലപ്രദമായ സംവിധാനങ്ങളിലൂടെ തീർഥാടകർക്ക് സുഗമമായ ദർശനം ഒരുക്കി നൽകാനായി. പമ്പ മുതൽ സന്നിധാനം വരെ വിവിധ ഇടങ്ങളിൽ ലഘുഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്‌തു. വഴിയിൽ പലയിടത്തും പന്തലുകളും താൽകാലിക മേൽക്കൂരകളും തീർത്തതിനാൽ തീർഥാടകരെ മഴ കാര്യമായി ബാധിച്ചില്ല. പതിനെട്ടാം പടിയിൽ ഒരു മിനിറ്റിൽ എൺപതോളം പേരെ കയറ്റിവിടുന്നുണ്ട്. ഇതുമൂലം നടപ്പന്തലിൽ തിരക്ക് നിയന്ത്രണ വിധേയമാണ്. സർക്കാരും ദേവസ്വം ബോർഡും പൊലീസും നടത്തിയ മികച്ച മുന്നൊരുക്കങ്ങളുടെ ഫലമായാണ് തിരക്ക് വർധിച്ചിട്ടും സുഗമദർശനം സാധ്യമായത്. സംസ്ഥാനത്തിനകത്തുള്ള തീർഥാടകരാണ് അധികവും എത്തുന്നത്. കാനനപാത വഴിയും നിരവധി തീർഥാടകർ എത്തുന്നുണ്ട്. ചൊവ്വാ പുലർച്ചെ വരെ 2803 പേരാണ് കരിമല വഴി പമ്പയിലെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..