22 December Sunday

തീർഥാടകർ മടങ്ങുന്നത്‌ 
സന്തോഷത്തോടെ , സർക്കാരിന്റെ ഭാഗത്തുനിന്ന് നല്ല സഹകരണം : തന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024


ശബരിമല
ശബരിമല തീർഥാടകർക്ക് വ്രതശുദ്ധി പോലെ തന്നെ വൃത്തിയും പ്രധാനമാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. അത് തീർഥാടകരുടെ കടമയാണ്. 18 മലകളാൽ ചുറ്റപ്പെട്ട പൂങ്കാവനമാണ് ശബരിമല. അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കണം. പ്രകൃതിയെയും ജീവജാലങ്ങളെയും പ്ലാസ്റ്റിക് ദോഷകരമായി ബാധിക്കും. ഇരുമുടിക്കെട്ടിൽനിന്ന് പ്ലാസ്റ്റിക് സാധനങ്ങൾ ഒഴിവാക്കണമെന്നും തന്ത്രി നിർദേശിച്ചു.

നട തുറന്നിരിക്കുന്ന സമയം കൂട്ടിയത്‌ തീർഥാടകർക്ക് നല്ലരീതിയിൽ ദർശനം നടത്താൻ സഹായകമായതായും തന്ത്രി പറഞ്ഞു. എല്ലാവരും സന്തോഷത്തോടെയാണ് ദർശനം നടത്തി മടങ്ങുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് നല്ല സഹകരണമാണുണ്ടായത്. മന്ത്രി വി എൻ വാസവൻ സന്നിധാനത്ത് തങ്ങിയാണ് കാര്യങ്ങൾ വിലയിരുത്തി മടങ്ങിയത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് സന്നിധാനത്ത് തങ്ങി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. നിലയ്ക്കലെയും പമ്പയിലെയും ജർമൻ പന്തലുകളും കുടിവെള്ള വിതരണവുമെല്ലാം തീർഥാടകരെ സംബന്ധിച്ച് വലിയ കാര്യമാണെന്നും തന്ത്രി പറഞ്ഞു.


ആരോഗ്യത്തിൽ കരുതൽ
തീർഥാടകർക്ക് ആവശ്യമായ വൈദ്യസഹായത്തിന്‌ വിപുലമായ സൗകര്യങ്ങളൊരുക്കി ആരോഗ്യ വിഭാഗം. സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി തുടങ്ങിയ കേന്ദ്രങ്ങളിലും പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രധാന ആശുപത്രികളിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പമ്പയിലും സന്നിധാനത്തും പ്രവർത്തിക്കുന്ന ജനറൽ ആശുപത്രികളിൽ വിദഗ്ദ ചികിത്സ അടക്കമുള്ള സൗകര്യങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌.

നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയാക് സെന്ററുകളും സജ്ജമാക്കി. ചരൽമേട്, കരിമല എന്നിവിടങ്ങളിൽ താൽക്കാലിക ഡിസ്‌പെൻസറികളുണ്ട്‌. നിലയ്ക്കൽ ആശുപത്രിയിലും കൂടുതൽ സജ്ജീകരണങ്ങളുണ്ട്‌. ഇവിടെല്ലാം 24 മണിക്കൂറും ചികിത്സ ലഭ്യമാണ്‌.

പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ വെന്റിലേറ്റർ സൗകര്യം അടക്കമുള്ള അത്യാഹിത വിഭാഗവുമുണ്ട്. പമ്പയിലെയും സന്നിധാനത്തെയും ആശുപത്രികളിൽ മിനി ഓപ്പറേഷൻ തിയേറ്ററും എക്‌സ്‌റേ സൗകര്യവുമുണ്ട്. പാമ്പ്‌ കടിയേറ്റാലുള്ള ആന്റിവെനവും മറ്റ്‌ അവശ്യ മരുന്നുകളും എല്ലായിടത്തും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുമുണ്ട്‌.  പ്രധാന കേന്ദ്രങ്ങളിൽ ടെറൈൻ ആംബുലൻസുകളടക്കം സേവന സജ്ജമാണ്‌. പമ്പയിൽ ഒരു ബൈക്ക് ഫീഡർ ആംബുലൻസുമുണ്ട്.

15 ഇഎംസികൾ
പമ്പ മുതൽ സന്നിധാനം വരെയുള്ള തീർഥാടന പാതയിൽ 15 എമർജൻസി മെഡിക്കൽ സെന്ററുകളുണ്ട്‌ (ഇഎംസി). നാലെണ്ണം കരിമല റൂട്ടിലാണ്‌.  ഹൃദയ പരിചരണത്തിൽ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരെയാണ്‌ നിയോഗിച്ചിട്ടുള്ളത്‌. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പബ്ലിക് ഹെൽത്ത് സെന്ററുകളുടെ നേതൃത്വത്തിൽ ഫോഗിങ് അടക്കമുള്ള കൊതുകു നിവാരണ പ്രവർത്തനങ്ങളും നടക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top