22 November Friday

ശബരിമല നട നാളെ തുറക്കും; ഒരുക്കങ്ങൾ പൂർണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

പത്തനംതിട്ട >  മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട നാളെ തുറക്കും. തീർത്ഥാടകരെ വരവേൽക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. സംസ്ഥാന പൊലീസ് മേധാവിയും പത്തനംതിട്ട ജില്ലാ കളക്ടറും അടക്കമുള്ളവർ അവസാന ഘട്ട ക്രമീകരണങ്ങൾ വിലയിരുത്തി.  

നാളെ വൈകിട്ട് അഞ്ചിനാണ് പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ശേഷം ആഴിയിൽ അഗ്നിപകരും. ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കും. പുതിയ ശബരിമല,  മാളികപ്പുറം മേൽശാന്തിമാർ നാളെ  ചുമതലയേൽക്കും. വൃശ്ചിക മാസം ഒന്നിന് പുലർച്ചെ മൂന്നു മണിക്കാണ് നട തുറക്കുക. പുതിയ മേൽശാന്തിമാരാകും വൃശ്ചികപ്പുലരിയിൽ നട തുറക്കുക. 16 മുതൽ ഡിസംബർ 26 വരെ എല്ലാ ദിവസവും പൂജകളുണ്ട്. പുലർച്ചെ മൂന്ന്‌ മുതൽ പകൽ ഒന്ന് വരെയും വൈകിട്ട് മൂന്ന്‌ മുതൽ രാത്രി 11 വരെയുമാണ്  ദർശനസമയം.

മണ്ഡലപൂജ ഡിസംബർ 26ന്. അന്ന് രാത്രി 11ന് നട അടയ്‌ക്കും.  മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർഥാടനത്തിന്‌ സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്‌ക്കും. ദിവസം 80,000 പേർക്ക്‌ ദർശനം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 70,000 പേർക്ക്‌ വെർച്വൽ ക്യൂ ബുക്കിങ് വഴിയും 10,000 പേർക്ക്‌ എൻട്രി പോയിന്റ്‌ ബുക്കിങ്‌ വഴിയുമാണ്‌ പ്രവേശനം.

തീർത്ഥാടനം സുഗമമായി നടത്തുന്നതിന് പൊലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അറിയിച്ചു. പമ്പയിലും നിലയ്ക്കലിലും ഉൾപ്പടെ താത്ക്കാലിക പൊലിസ് സ്റ്റേഷൻ ഒരുക്കി.  ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇൻസുലേറ്റഡ് കേബിൾ വഴി സുരക്ഷിതമായാണ് വൈദ്യുതി നൽകുന്നത്. കെഎസ്ഇബി 5,000 ലധികം ലൈറ്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. താത്ക്കാലിക കണക്ഷനുകൾ ആവശ്യാനുസരണം നൽകും.

വരി നിൽക്കുന്നവർക്ക് ബാരിക്കേഡുകൾക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളം എത്തിക്കും. കിയോസ്‌കുകൾ വഴി ക്യൂ നിൽക്കുന്നവർക്ക് ചൂടുവെള്ളം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ശരംകുത്തി മുതൽ വലിയ നടപന്തൽ വരെ ചൂടുവെള്ള ലഭ്യത ഉറപ്പാക്കും. 2000 സ്റ്റീൽ ബോട്ടിലിൽ ചുക്കു വെള്ളം നിറച്ച് മലകയറുന്ന ഭക്തർക്ക് നൽകുന്നതിനുള്ള ക്രമീകരണം പൂർത്തിയായി. മലയിറങ്ങുമ്പോൾ ബോട്ടിൽ തിരികെ ഏൽപ്പിക്കണം. ഭക്തരുടെ സൗകര്യത്തിനായി സന്നിധാനം മുതൽ  ശരംകുത്തി വരെ ചുക്ക് വെള്ള കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. മണിക്കൂറിൽ 4000 ലിറ്റർ സംഭരണശേഷിയുള്ള  ശരംകുത്തിയിലെ  ബോയിലറിന്റെ ശേഷി പതിനായിരം ലിറ്റർ ആക്കി ഉയർത്തിയിട്ടുണ്ട്.

പതിനാറായിരത്തോളം ഭക്തർക്ക് ഒരേ സമയം വിരി വെക്കാനുള്ള സൗകര്യമാണ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്. ആയിരം പേർക്ക് വിശ്രമിക്കാൻ ആവശ്യമായ ഇരിപ്പിടങ്ങളാണ് മരക്കൂട്ടം മുതൽ ഒരുക്കിയിരിക്കുന്നത്. പമ്പയിൽ വനിതകൾക്കായി പ്രത്യേക  വിശ്രമ കേന്ദ്രമുണ്ടാവും. അഗ്‌നിസുരക്ഷസേവനം നിലയ്ക്കൽ, പമ്പ,സന്നിധാനം എന്നിവടങ്ങളിൽ ഉറപ്പാക്കി. ആരോഗ്യസംവിധാനങ്ങളും  സജ്ജമാക്കിയിട്ടുണ്ട്. അടിയന്തരചികിത്സ ഉൾപ്പടെ നടത്തുന്നതിന് ആരോഗ്യപ്രവർത്തകരെ നിയോഗിച്ചു. ആംബുലൻസ് സൗകര്യം മേഖലയിലുടനീളം ഏർപ്പെടുത്തി. അവശ്യമരുന്നുകളും എത്തിച്ചു. ലഹരിയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കുന്നതിന് എക്‌സൈസിന്റെ സംഘവും രംഗത്തുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top