23 December Monday

ശബരിമല; തീർഥാടകർക്ക് കാനന യാത്രയോട്‌ പ്രിയമേറുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

ശബരിമല > ശബരിമല ദർശനത്തിനാപ്പം കാനന ഭംഗി ആസ്വദിക്കാനുമായി എത്തുന്നവരുടെ എണ്ണം വർധിക്കുന്നു. മണ്ഡകാല ആരംഭം മുതൽ പരമ്പരാഗത കാനന പാതകൾ സജീവമായി. കാനന പാതകൾ വഴി ശബരിമലയിൽ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ തവണത്തേതിലും കൂടി. കഴിഞ്ഞ തവണ നടതുറന്ന 17 മുതൽ ആറ്‌ ദിവസത്തിൽ 3,167 തീർഥാടകരാണ്‌ രണ്ട്‌ കാനന പാതകളിലൂടെ ശബരിമലയിലെത്തി ദർശനം നടത്തിയത്‌. എന്നാൽ ഇത്തവണ വൃശ്‌ചികം ഒന്ന്‌ മുതൽ അഞ്ച്‌ ദിവസത്തിൽ 4,642 പേരാണ്‌ പാതയിലൂടെ ശബരിമലയിൽ എത്തിയത്‌.

പതിനാറാം തീയതി മുതലാണ് കാനനപാതകൾ തീർഥാടകർക്കായി തുറന്നു നൽകിയത്‌. ബുധനാഴ്ച വരെ ലഭ്യമായ കണക്ക് അനുസരിച്ച് കരിമല വഴി 3,098 പേരും പുല്ലുമേട് വഴി 1,544 പേരുമാണ്‌ ശബരിമലയിൽ എത്തിയത്. 12 കിലോമീറ്റർ വരുന്ന പുല്ലുമേട്‌ പാതയും 43 കിലോമീറ്റർ വരുന്ന അഴുതക്കടവ്‌ പാതയുമാണ്‌ കാനന പാതകൾ.

തീർഥാടനകാല ആരംഭത്തിന് മുന്നോടിയായി ഇരുപാതകളിലെയും കാട് വനം വകുപ്പിന്റെ നേതൃത്വത്തിൽ തെളിച്ചിരുന്നു. കരിമല വഴിയാണ് തീർഥാടകർ കൂടുതലായി എത്തുന്നത്. അടുതക്കടവിൽ നിന്ന് രാവിലെ ഏഴ്‌ മുതൽ പകൽ 2.30 വരെയും സത്രക്കടവിൽ നിന്ന്‌ രാവിലെ ഏഴ്‌ മുതൽ പകൽ ഒന്ന്‌ വരെയുമാണ് തീർഥാടകരെ കടത്തിവിടുന്നത്.

തീർഥാടകർക്ക് സുരക്ഷ ഒരുക്കി ഇരുപാതകളിൽ നിന്നും പുലർച്ചെ ആദ്യം പുറപ്പെടുന്ന സംഘത്തിന് മുമ്പിലായി വന്യമൃഗ സാന്നിധ്യം നിരീക്ഷിക്കുന്നതിനായി വനപാലകർ പോകും. തീർഥാടകരുടെ സുരക്ഷ മുൻനിർത്തി കാനന പാതയിൽ ഇറങ്ങുന്ന ആനകളെ തുരത്താനും പാമ്പുകളെ പിടികൂടുന്നതിനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് സത്രക്കടവ്, അഴുതക്കടവ്, മുക്കുഴി, പ്ലാപ്പള്ളി എന്നിവിടങ്ങളിൽ ഇൻഫർമേഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതുവഴി എത്തുന്നവരുടെ എണ്ണം ഇനിയും കൂടും. ഇത്‌ മുന്നിൽകണ്ട്‌ വേണ്ട ക്രമീകരണങ്ങൾ വനം വകുപ്പ്‌ ഒരുക്കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top