ശബരിമല > ശബരിമലയിലേക്കുള്ള തീർഥാടകരുടെ പ്രവാഹം തുടരുന്നു. മണ്ഡല–മകരവിളക്ക് തീർഥാടനത്തനായി നടതുറന്ന് 12 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധനവാണുള്ളത്. ബുധനാഴ്ച വരെ 9,13,437 തീർഥാടകരാണ് അയ്യപ്പ ദർശനം നടത്തിയത്. കഴിഞ്ഞ വർഷമിത് 5,53,922 പേരായിരുന്നു. മുൻ വർഷത്തേക്കാൾ മൂന്നര ലക്ഷത്തിലധികം പേരുടെ വർദ്ധനവാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഉണ്ടായിരിക്കുന്നത്. തീർഥാടകരുടെ എണ്ണം വർദ്ധിക്കുമ്പോഴും പരാതികളോ പരിഭവങ്ങളോ ഇല്ലാതെയാണ് മണ്ഡലകാലം മുന്നോട്ടുപോകുന്നതെന്നും സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും നടത്തിയ മികച്ച മുന്നൊരുക്കങ്ങളുടെ ഫലമായാണ് സുഗമമായി കാര്യങ്ങൾ നടക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ പ്രശ്‌നങ്ങളെല്ലാം പഠിച്ച് പരിഹരിച്ചു. ഇത്തവണ തീർഥാടകർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സജ്ജമാക്കി. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വിവിധ വകുപ്പകളെയും കൂട്ടിയോജിപ്പിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പൊലീസിന്റെ സേവനം എടുത്തു പറയേണ്ടതാണ്. തീർഥാടകരെല്ലാം സംതൃപ്‌തരായാണ് മലയിറങ്ങുന്നത്. അധിക വരുമാനം ഉണ്ടാവുകയും ചെയ്‌തു. കഴിഞ്ഞ വർഷം ആദ്യ 12 ദിവസം കൊണ്ട് 47,12,01,536 രൂപയുടെ വരുമാനമാണ് ഉണ്ടായതെങ്കിൽ ഈ വർഷം 63,01,14,111 രൂപ വരുമാനം ലഭിച്ചു. 15,89,12,575 രൂപ കൂടുതൽ ലഭിച്ചു.
നിലവിൽ വെർച്വൽ ക്യൂ വഴി എത്തുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല. ഒരു ദിവസം ഒരു ലക്ഷത്തിലധികം ആളുകൾ വന്നാൽ തിരക്ക് നിയന്ത്രണാതീതമാകും. എന്നാൽ ശബരിമലയിലേക്ക് ദർശനത്തിനായെത്തുന്ന ഒരാളെ പോലും മടക്കിയയക്കില്ല. മാളികപ്പുറത്തെ അനാചാരങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെ കുറിച്ച് തന്ത്രിയുമായി ചർച്ച നടത്തിയെന്നും പി എസ് പ്രശാന്ത് പറഞ്ഞു. അനാചാരങ്ങൾ അവസാനിപ്പിക്കാൻ നടപടി തുടങ്ങും. തീർഥാടകരെ ബോധവൽക്കരിക്കും. മഞ്ഞൾപ്പൊടിയും വസ്ത്രങ്ങളും നിക്ഷേപിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. ദേവസ്വം ബോർഡ് അംഗങ്ങളായ ജി സുന്ദരേശൻ, അഡ്വ. എ അജികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾ പൊടി വിതറുന്നതും ആചാരമല്ലെന്നും ഇത് അനുവദിക്കരുതെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇത് മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. ഇത്തരം കാര്യങ്ങൾ ശബരിമലയിലെ ആചാരത്തിന്റെ ഭാഗമല്ല. മാളികപ്പുറത്ത് വസ്ത്രം ഉപേക്ഷിക്കുന്നതും ആചാരമല്ല. ഇക്കാര്യങ്ങളിൽ ഭക്തർക്കിടയിൽ അവബോധം ഉണ്ടാക്കണമെന്നും ഈ വിവരങ്ങൾ ഭക്തരെ അനൗൺസ്‌മെന്റിലൂടെ അറിയിക്കമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് എസ് മുരളീകൃഷ്ണയും ഉൾപ്പെട്ട ബെഞ്ച് സ്വമേധയാ എടുത്ത ഹർജിയിൽ ഉത്തരവിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..